kozhikode local

ഒവി തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം

വടകര: നഗരസഭയിലെ 43,44,46 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ഒവിസി തോടിലെ മാലിന്യം നീക്കം ചെയ്യാത്തത് തോടിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശവാസികള്‍ക്ക് ദുരിതം. ഇവിടെയുള്ള പാലം നിര്‍മ്മാണത്തിനായി ബണ്ട് കെട്ടിയതാണ് തോടിലെ ഒഴുക്കില്ലാതെ മലിന ജലം കെട്ടിക്കിടക്കുന്നത്.
നഗരസഭയിലെ 43-44 വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് ഒവി തോട് മേല്‍പാലം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലം എട്ട് വര്‍ഷത്തോളമായി തകര്‍ന്നിട്ട്. ദിവസേന ആയിരക്കണക്കിനാളുകളും, വിദ്യാര്‍ത്ഥികളും അടുത്തുള്ള റെയില്‍വെ സ്റ്റേഷനിലേക്കും, സ്‌കൂളുകളിലേക്കും പോകുവാന്‍ ഉപോയഗിക്കുന്ന വഴിയാണിത്. ഇാ പാലം തകര്‍ന്നതോടെ യാത്രക്ക് വളരെയധികം ബുദ്ധിമുട്ടിയ നാട്ടുകാര്‍ താല്‍കാലികമായി മരം കൊണ്ട് പാലം നിര്‍മ്മിക്കുകയായിരുന്നു. എന്നാല്‍ മരപ്പാലവും തകര്‍ന്നതോടെ ഇരുമ്പ് കൊണ്ട് മറ്റൊരു പാലം നിര്‍മ്മിച്ചാണ് യാത്ര ചെയ്യുന്നത്.
പാലത്തിനു പടിഞ്ഞാറു ഭാഗത്തായി റോഡുണ്ടെങ്കിലും ഈ റോഡ് നീട്ടി സമാന്തരപാത നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന് കിഴക്ക് വശത്ത് താമസിക്കുന്നവര്‍ക്ക് ഹോസ്പിറ്റല്‍, മറ്റ് ആവശ്യങ്ങള്‍ക്കായി മരപ്പാലം കടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പാലം തകര്‍ന്ന സമയത്ത് സമീപത്തുള്ള മരണ വീട് സന്ദര്‍ശിക്കാനെത്തിയ സ്ഥലം എംഎല്‍എ പാലത്തിന്റെ അവസ്ഥ നേരില്‍ കണ്ട് പുതിയ പാലം പണിയാന്‍ ആവശ്യമായ തുക എംഎല്‍എ ഫണ്ടില്‍ നിന്നും വകയിരുത്തുമെന്ന് അറിയിച്ചിരുന്നു. എംഎല്‍എ ആവശ്യപ്പെട്ടത് പ്രകാരം 2010ല്‍ വടകര മുനിസിപാലിറ്റിയില്‍ നിന്നും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അദ്ദേഹത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
15 ലക്ഷം രൂപ ചിലവ് കണക്കായിരുന്ന ഇവിടെ സമാന്തരപാതയായിരുന്നു എസ്റ്റിമേറ്റില്‍ മുനിസിപാലിറ്റി തയ്യാറാക്കി എംഎല്‍എയുടെ അടുക്കല്‍ കൊടുത്തത്. പിന്നീട് പുതിയപാലം പണിയുന്നതിനാവശ്യമായ യാതൊരു നടപടിയും എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടാവാതായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്ന് വീണ്ടും പാലം നിര്‍മാണത്തിനായി 25 ലക്ഷം രൂപ എംഎല്‍എ വകയിരുത്തി.
ഫണ്ട് അനുവദിച്ചതോടെ പാലം നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ന്ന് പാലത്തിന് കുറച്ചകലെയായി തോടില്‍ ബണ്ട് കെട്ടി. ഫെബ്രുവരിയില്‍ പൈലിങ്ങ് തുടങ്ങിയതാണ്. എന്നാല്‍ മാര്‍ച്ചില്‍ ഇത് നിലച്ചു. പിന്നീട് ഇതേവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. പൈലിങ്ങ് തുടങ്ങിയ ശേഷം തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ചളി നീക്കിയ ശേഷം പൈലിങ്ങ് നടത്തണമെന്നാവശ്യപ്പെട്ടു. ചളി നീക്കിയതോടെ ആഴം കൂടി. നേരത്തെയുള്ള രൂപകല്പന പ്രകാരം പാലം പണിതാല്‍ ഉയരം കുറവായിരിക്കുമെന്ന് ആശങ്ക ഉയര്‍ന്നു. ഇതു സംബന്ധിച്ച ആശുയക്കുഴപ്പം മൂലമാണ് പണി തുടങ്ങാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പൈലിങ്ങ് നടത്തിയതിന്റെ തൊട്ടടുത്തായാണ് ബണ്ട് കെട്ടി തോടിന്റെ ഒഴുക്ക് തടസപെടുത്തിയത്.   ടൗണിലെ മലിന ജലം മൊത്തം ഇതിനപ്പുറം നിറയാന്‍ തുടങ്ങി. ഇതോടെ പ്രദേശവാസികളുടെ ദുരിതത്തിന് തുടക്കമായി.
ഒഴുക്കില്ലാത്ത രീതിയില്‍ തോട് നിര്‍ജീവമായതോടെ കെട്ടിക്കിടക്കുന്ന വെള്ളം മലിനമാവുകയും ദുര്‍ഗന്ധം വരാനും തുടങ്ങി. ബണ്ട് പൊട്ടിച്ച് മിലന ജലം ഒഴുക്കിവിടാനോ പുതിയ പാലം നിര്‍മിക്കാനോ അധികൃതര്‍ ഇതേവരെ തയ്യാറായിട്ടില്ല. തോട് മലിനമായതോടെ സംഭവത്തില്‍ നടപടിയെടുക്കാത്ത നഗരസഭ അധികൃതര്‍ക്കെതിരെ പ്രദേശവാസികള്‍ തോട് മലിനീകരണ നിര്‍മാര്‍ജന കമ്മറ്റി രൂപീകരിച്ച് പ്രതിഷേധത്തിന് തയ്യാറെടുത്തു.
തോടിന്റെ ഇരു വശങ്ങളിലായി ഏകദേശം 500 ഓളം കുടുംബങ്ങള്‍ ജീവിച്ചു വരികയാണ്. വടകര നഗരത്തിലെ വിവിധ ആശുപത്രികള്‍, മല്‍സ്യ മാര്‍ക്കറ്റ്, അറവ് ശാല, ടൗണിലെ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മലിനജലം റെയില്‍വേ ട്രാക്കിനടിയിലൂടെ റെയില്‍വേ യുടെ പൊതു സ്ഥലത്തു കൂടി ഈ തോടിലേക്കാണ് ഒഴുകി വരുന്നത്.
Next Story

RELATED STORIES

Share it