Kerala

ഒളിഞ്ഞു നോട്ടം അഥവാ സംശയരോഗം

ഒളിഞ്ഞു നോട്ടം അഥവാ സംശയരോഗം
X
vs-voting

IMTHIHAN-SLUGനാലാളു കണ്ടാല്‍ ഒരു വിധം തിരിച്ചറിയുന്ന നേതാക്കന്‍മാര്‍ മുതല്‍ രണ്ടക്ഷരം കൂട്ടി വായിക്കാനോ എഴുതാനോ അറിയാവുന്ന സാംസ്‌കാരിക നായകന്‍മാര്‍ വരെയുളള സകലരുടേയും വോട്ടു ചെയ്യുന്ന പടം പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഒപ്പിയെടുത്തു പ്രദര്‍ശിപ്പിച്ചു. പക്ഷേ അവയില്‍ വി എസിന്റെ പടം മാത്രം അദ്ദേഹത്തിന്റെ കൂടെയുളള രണ്ടു പേരുടെ ചെയ്തികള്‍ മൂലം ശ്രദ്ധിക്കപ്പെട്ടു. വിവാദമായി.
ആലപ്പുഴ ജില്ലയിലെ സി.പി എമ്മിന്റെ സമുന്നത നേതാവ് ജി സുധാകരന്‍ വി എസ് വോട്ടു ചെയ്യുന്നത് മറക്കപ്പുറത്തു നിന്ന് ഒളിഞ്ഞ്/കട്ടു നോക്കുന്നതാണ് വിവാദമായത്. ഒരു കാലത്ത് വി എസിന്റെ അടുത്ത അനുയായി ആയിരുന്ന സുധാകരന്‍ അടുത്ത കാലത്താണ് ഔദ്യോഗിക പക്ഷത്തേക്ക് കൂറുമാറിയത്.
അതില്‍ പിന്നെ സുധാകരനും വി എസ് ചേരിയും തമ്മിലുളള ചേരിപ്പോരുകള്‍ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാണ്. മാധ്യമങ്ങള്‍ക്ക് ആവശ്യത്തിനുളളത് ഒപ്പിക്കുന്നതില്‍ രണ്ടു കൂട്ടരും പിശുക്കു കാണിക്കാറുമില്ല. എന്നാല്‍ അത്തരത്തിലുളള പതിവു കലാപരിപാടികളില്‍ നിന്ന് ഗൗരവമുളളതും കൈവിട്ടതുമായിപ്പോയി സുധാകരന്റെ നടപടി. സുധാകരന്റെ നടപടിയുടെ നിയമപരമായ നൂലാമാലകള്‍ ഇഴകീറി പരിശോധിക്കുന്ന ജോലി നിയമവിശാരദന്‍മാരും അധികാരികളും ഏറ്റെടുത്ത സ്ഥിതിക്ക് അക്കാര്യം  തല്‍ക്കാലം നമുക്കവര്‍ക്കു വിട്ടു കൊടുക്കാം.
എന്നാല്‍ സുധാകരന്റെ പ്രവൃത്തി ധാര്‍മ്മികമായി ന്യായീകരിക്കാവുന്നതാണോ? മനുഷ്യബന്ധങ്ങള്‍ അവ ഏതു തലത്തിലുളളതാവട്ടെ അവ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ആ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് അപരന്റെ പ്രവര്‍ത്തനങ്ങളെ ഒളിഞ്ഞു നോക്കാനുളള ത്വര മനുഷ്യനില്‍ ഉണ്ടാകുന്നത് എന്നു മനസിലാക്കാന്‍ ഫ്രോയിഡിനെ വായിക്കേണ്ട കാര്യമില്ല.

vasumathi
ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ സംശായാലുവായ ഭര്‍ത്താവ് തൊഴുത്തിനു പിറകില്‍ ഒളിച്ചിരിക്കുന്നതു കാണുമ്പോള്‍ ഏതു നിരക്ഷരയായ ഭാര്യക്കു മനസിലാകുന്ന സത്യം. അപ്പോള്‍ സുധാകരന്‍  വി എസ് സഖാവിന്റെ വോട്ടിംഗ് ഒളിഞ്ഞു നോക്കാനുളള കാരണം എന്തായിരിക്കും. സഖാവ് വോട്ടു ചെയ്യുന്നത് തനിക്കു തന്നെയല്ലേ എന്നുറപ്പു വരുത്തുകയോ? സഖാവ് വി എസിന് സുധാകരനോട് അലോഹ്യമുണ്ട് എന്നു തന്നെ കരുതുക. പക്ഷെ അരിവാള്‍ ചുറ്റിക അടയാളത്തിലല്ലാതെ വി എസ് വോട്ടു ചെയ്യുമെന്ന് എം സ്വരാജ് പോലും വിശ്വസിക്കാന്‍ സാധ്യതയുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ? അതാണ് പറഞ്ഞത് ഒളിഞ്ഞു നോട്ടം ഒരു രോഗമാണെന്ന്. കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ കെ ജി ബി പരത്തിയിരുന്ന ഒരു രോഗം.
സ്വന്തം നിഴലിനെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥ.

പക്ഷേ ഇഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനു വേണ്ടി പാര്‍ട്ടി വോട്ട് ചോദിക്കുമ്പോള്‍ ഇഷ്ടമുളളവര്‍ക്കു വോട്ടു ചെയ്യാന്‍ നേതാക്കളെയും അനുവദിക്കുന്നതല്ലേ സഖാവേ അതിന്റെ ഒരു ശരി.

വി എസ് വോട്ടു ചെയ്യുന്ന പടത്തില്‍ മറ്റൊരു വ്യക്തി കൂടിയുണ്ട്. മറ്റാരുമല്ല വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍. വി എസിനു വോട്ടു ചെയ്യാന്‍ സഹായിക്കുന്ന ഭാവത്തിലാണ് അരുണിന്റെ പടം. സഖാവ് വി എസിനു തനിച്ചു വോട്ടു ചെയ്യാന്‍ സാധിക്കാത്തവണ്ണം അനാരോഗ്യമുണ്ടോ ? . രേഖകള്‍ സ്വയം വായിക്കാനാവാത്ത അവസ്ഥ.? വി എസിന്റ മകന്‍ വിവാദങ്ങളുടെ തോഴനാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റി ഒട്ടേറെ നിഗൂഡതകളുണ്ട്. അത്തരത്തിലുളള ഒരു വ്യക്തിയാല്‍ നയിക്കപ്പെടുന്നത് അതു മകനായാല്‍ പോലും വി എസിനെപ്പോലൊരാള്‍ക്ക് ഭൂഷണമാണോ?

സ്‌റ്റോപ്പ് പോസ്റ്റ്:  ജി സുധാകരന്‍ സിപിഎം നേതാവ് എന്നതിലുപരി മലയാള ഭാഷയിലെ ആധുനിക കവികളിലെ ശ്രദ്ധേയ സാന്നിദ്ധ്യവും കീഴാള വാമൊഴി വഴക്കത്തില്‍  ആസ്ഥാന പട്ടം ലഭിച്ച സഹൃദയനുമാണ്.അതുകൊണ്ടു തന്നെ സുധാകരന്റെ നടപടി വി. എസിനോടുളള ലവ് ഇലസട്രേഷനായി ആലപ്പുഴ ജില്ലയില്‍ നിന്നുളള പോളിറ്റ് ബ്യൂറോ മെമ്പര്‍  പ്രാക്കുളം ചെഗു.ബേബി സഖാവ് തീര്‍പ്പു കല്‍പിക്കുമോ?
Next Story

RELATED STORIES

Share it