malappuram local

ഒലമറ പദ്ധതി കിണറുകളില്‍ വെള്ളമില്ല ; കുടിവെള്ളംമുട്ടി കോഡൂര്‍ നിവാസികള്‍



കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തെ പ്രധാന കുടിവെള്ള പദ്ധതികളുടെ സ്രോതസുകളായ കടലുണ്ടിപുഴയിലെ കിണറുകള്‍ വറ്റി. ഇതേ തുടര്‍ന്ന് സംഭരണികളിലേക്ക് വെള്ളം പമ്പ്‌ചെയ്യുന്നത് നിര്‍ത്തിവെച്ചു. പഞ്ചായത്തിലെ വലിയ പദ്ധതിയായ കോങ്കയം കുടിവെള്ള പദ്ധതിയുടെ കിണര്‍ ഈ  മാസമാദ്യത്തില്‍ തന്നെ ജലലഭ്യത നിലച്ചിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തില്‍ കിണര്‍ വൃത്തിയാക്കി താഴ്ച്ചകൂട്ടിയെങ്കിലും രണ്ടാഴ്ച മാത്രമാണ് വെള്ളം ലഭിച്ചത്.മറ്റൊരുപദ്ധതിയായ കോട്ടപ്പറമ്പ് പദ്ധതിയുടെയും കിണറുകൂടി വറ്റിയതോടെ പ്രധാന രണ്ട് പദ്ധതികളില്‍ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ പദ്ധതികള്‍. ഇവയിലെ ജലവിതരണം നിലച്ചതോടെ കോഡൂരിലെ ജനങ്ങളാകെ ദുരിതത്തിലായി.നിലവില്‍ പൊതുകുടിവെള്ള പദ്ധതികളിലാത്ത പ്രദേശങ്ങളില്‍ ഗ്രാമപ്പഞ്ചായത്തും സ്വകാര്യവ്യക്തികളും സംഘടനകളും വാഹനങ്ങളില്‍ വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍ പുഴകളും കുളങ്ങളുമുള്‍പ്പെടെയുള്ള പൊതുസ്രോതസുകളിലെ ജലലഭ്യത കുറഞ്ഞതോടെ സംഘടനകളും വ്യക്തികളും നടത്തിയിരുന്ന സൗജന്യ വിതരണവും കുറഞ്ഞിട്ടുണ്ട്.പ്രശ്‌നം പരിഹരിക്കുന്നതിന് സമാന്തര സംവിധാനമൊരുക്കുമെന്നും പദ്ധതികളിലെ ജലവിതരണം മുടങ്ങിയ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്നതിന് അതാത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അറിയിച്ചു.വരുംവര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ കടലുണ്ടി പുഴയില്‍ പുതിയ തടയണ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുകയും പൊതുജല വിതരണ പദ്ധതികളിലെ പൊതുടാപ്പുകള്‍ ഒഴിവാക്കുന്നതിനായി കുടിവെള്ളം ആവശ്യമായ എല്ലാവര്‍ക്കും ഹൗസ്‌കണക്ഷന്‍ നല്‍കുകയും ചെയ്യും.അടുത്ത വാര്‍ഷിക പദ്ധതിയില്‍ സാധാരണ കിണറുകളുള്ള കുടുംബങ്ങള്‍ക്ക് കിണര്‍ റീചാര്‍ജ്ജിംഗിന് ധനസഹായം അനുവദിക്കുകയും പുഴയുള്‍പ്പെടെയുള്ള പൊതുജല സ്രോതസുകളില്‍ നിന്നും കുടിവെള്ള പദ്ധതികളുടെ പൈപ്പുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് തോട്ടം നനക്കല്‍, വാഹനം കഴുകല്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും . പ്രസിഡണ്ട് അറിയിച്ചു.
Next Story

RELATED STORIES

Share it