ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആശയത്തില്‍ തെറ്റെന്തെന്ന് സുപ്രിംകോടതി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തില്‍ എന്താണു തെറ്റെന്ന് സുപ്രിംകോടതിയുടെ ചോദ്യം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഈ ചോദ്യമുന്നയിച്ചത്.
ഇന്ത്യക്കാര്‍ എന്നതില്‍ എല്ലാവരും അഭിമാനിക്കുന്നു. പക്ഷേ, അതിനു തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്നായിരുന്നു പശ്ചിമബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനു നല്‍കിയ മറുപടി. ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധമാണെന്നു പറഞ്ഞ സിബലിനോട്, ഇത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു.
ഭരണഘടനയുടെ 21ാം അനുച്ഛേദം നല്‍കുന്ന പൗരന്റെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ആധാര്‍ നിയമം ലംഘിച്ചിരിക്കുന്നതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വൈദ്യുതിയും വൈഫൈ സൗകര്യവുമില്ലാത്ത നിരവധി ഗ്രാമങ്ങളുള്ള ഇന്ത്യപോലൊരു രാജ്യത്ത് എങ്ങനെയാണ് ആധാര്‍ നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം 10 കോടി പേര്‍ മാത്രമേ ഇനി ആധാര്‍ നമ്പര്‍ എടുക്കാത്തവരുള്ളൂവെന്നും അതിനാല്‍ ഈ പദ്ധതി പ്രായോഗികമാവുമെന്നുമായിരുന്നു ഇതിന് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എ കെ സിക്രിയുടെ പ്രതികരണം.
ഡല്‍ഹിയിലെ പല റേഷന്‍കടകളും ആധാറിന്റെ ആധികാരികത പരിശോധിക്കുന്നതിന് യന്ത്രങ്ങള്‍ കാത്തുകിടക്കുകയാണെന്ന വാര്‍ത്ത ഇന്നത്തെ പത്രങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനെങ്കിലും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, നിലവില്‍ ജനസംഖ്യയുടെ 96 ശതമാനം പേരും ആധാര്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. റേഷന്‍ വാങ്ങുന്നതിന് ആധാറിന് പകരം മറ്റ് ഐഡികള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it