Middlepiece

ഒന്നുമില്ലാത്തവനെ കണ്ടെത്താന്‍ വഴിയേത്?

ഒന്നുമില്ലാത്തവനെ കണ്ടെത്താന്‍ വഴിയേത്?
X


വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കോഴിക്കോട് നഗരഹൃദയത്തിനടുത്തൊരു പഞ്ചായത്തില്‍ നിര്‍ധനര്‍ക്ക് ഭവനവിതരണം. സകാത്ത് സ്വരൂപിച്ച് ഒരുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കൊച്ചു ഭവനങ്ങള്‍. ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചിട്ടുണ്ട്. ഇന്ന് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള അതിസമ്പന്നനായ പി വി അബ്്ദുല്‍ വഹാബും ഒരു ആശംസാപ്രസംഗകനാണ്. അദ്ദേഹം ആശംസനേരാനെഴുന്നേറ്റു. ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായത്തെ വാനോളം വാഴ്ത്തിയ അദ്ദേഹം തന്റെ ബാല്യത്തില്‍ പിതാവ് ചില്ലറ കൈത്തൊഴിലുകളൊക്കെ ചെയ്ത് ഉപജീവനത്തിന് മാര്‍ഗംതേടിയിട്ടും വിവാഹപ്രായമെത്തിയ സഹോദരികളടക്കം വിപുലമായ കുടുംബത്തിന് ദാരിദ്ര്യം തന്നെയായിരുന്നു മിച്ചമെന്ന കഥ പറഞ്ഞു.

മഴക്കാലമെത്തിയാല്‍ ചോര്‍ന്നൊലിക്കുന്ന വീട്. നോമ്പുകാലത്ത് ലഭിക്കുന്ന സകാത്തിന്റെ വിഹിതം ഉപയോഗിച്ചാണ് ചോര്‍ന്നൊലിക്കുന്ന വീട് മാതാപിതാക്കള്‍ മേയുന്നത്. ഇത്രയും പറഞ്ഞ വഹാബ് അവര്‍കള്‍ വിതുമ്പി. സ്വന്തം ബാല്യത്തിലെ ദാരിദ്ര്യത്തിന്റെ കയ്പുനീരോര്‍ത്താണ് അദ്ദേഹം കരഞ്ഞത്. ഇന്ന് തനിക്ക് എല്ലാ ഐശ്വര്യങ്ങളും ദൈവംതമ്പുരാന്‍ നല്‍കിയെന്നും ഈ ഭവനസഹായപദ്ധതിയില്‍ തന്റെ വിഹിതമായി 10 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നുവെന്നും പ്രഖ്യാപിച്ച് അദ്ദേഹം കണ്ണുതുടച്ച് ഇരുന്നു.

സദസ്സും വേദിയും വഹാബിന്റെ ആ പ്രഖ്യാപനത്തില്‍ അദ്ഭുതസ്തബ്ധരാകവെ നിറഞ്ഞ കണ്ണുകളോടെ ഇരുന്ന അദ്ദേഹത്തെ ഞാന്‍ അടുത്തുചെന്നു കണ്ടു. ആ കരം ഗ്രഹിച്ചു. എനിക്കങ്ങനെയൊരു അനുഭവം ആദ്യത്തേതായിരുന്നു. സമ്പന്നന്റെ കണ്ണുനീര്‍ ഞാനാദ്യം കാണുകയാണ്. ഈ റമദാന്‍ നാളിലും വീഥികള്‍ക്കിരുവശവും ഉയര്‍ന്ന മണിമേടകള്‍ക്കു മുമ്പില്‍ സാധുജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതു കാണുന്നു. അവരെ നിയന്ത്രിക്കാന്‍ വോളന്റിയര്‍മാരുടെ പട തന്നെ ഉണ്ടാവും.

സകാത്തായി ലഭിക്കുന്ന ഇത്തിരി കാശിനോ ഒരുതുണ്ട് വസ്ത്രത്തിനോ തിക്കിത്തിരക്കുകയാണ് ജനം. കൊച്ചുകുട്ടികള്‍ മുതല്‍ അവശരായ വൃദ്ധര്‍ വരെ ആ ബഹളത്തിലുണ്ട്. ഇസ്‌ലാമില്‍ ഇക്കാലം കാക്കത്തൊള്ളായിരം സംഘടനകളുണ്ട്. സകാത്ത് പിരിച്ചെടുത്ത് അര്‍ഹരായവരെ കണ്ടെത്തി ഇരുകൈ അറിയാതെ നല്‍കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.

പക്ഷേ, സംഘടിത സകാത്ത് വിതരണക്കാര്‍ പലരും ഇക്കാലം വിതരണമാമാങ്കങ്ങള്‍ നടത്തി പത്രത്തില്‍ പടം അച്ചടിക്കാനാണ് വ്യഗ്രത കാട്ടുന്നത്. ഇല്ലാത്തവന്‍ ഇവരുടെ ചടങ്ങുകളില്‍ പങ്കെടുക്കണം. സദസ്സിന്റെ വിസ്തൃതിക്കനുസരിച്ചാണല്ലോ പ്രസ്ഥാനത്തിന്റെ തിണ്ണബലം കണക്കാക്കുന്നത്.

ഗാന്ധിജിപോലും ഉമറിന്റെ ഭരണത്തെ പ്രശംസിച്ചത് അക്കാലത്ത് ഖലീഫ ഉമര്‍ നടപ്പാക്കിയ സാമ്പത്തിക സന്തുലിതത്വങ്ങളുടെ പേരിലാണ്. ഇന്നും റമദാന്‍ നാളുകളില്‍ സകാത്ത് വിതരണം ഉമറിന്റെ നാളുകളുടെ വീരസ്മരണയില്‍ പാലിക്കുന്നവരില്ലെന്നു പറഞ്ഞുകൂടാ. പക്ഷേ, വിവിധ സംഘടനകള്‍ മെഡിക്കല്‍ കോളജ് പരിസരങ്ങളിലടക്കം സൃഷ്ടിക്കുന്ന വമ്പന്‍ ക്യൂവിലെ ദൈന്യതയുടെ മുഖങ്ങള്‍ പാത്രവും പേറി കാരുണ്യം കാംക്ഷിച്ചു നില്‍ക്കുന്ന ചിത്രം ഇക്കാലം മാപ്പര്‍ഹിക്കുന്നതല്ല.

മുസ്‌ലിം സമൂഹത്തില്‍ ഇന്ന് ദരിദ്രരുടെ എണ്ണം പണ്ടത്തേതിലും ഇരട്ടിയാണ്. ഇടത്തരക്കാരാണ് കൈ നീട്ടാന്‍പോലും മാനഹാനി ഓര്‍ത്ത് പുറത്തിറങ്ങാതെ നൊമ്പരം കടിച്ചമര്‍ത്തി കൊച്ചു കൂരകളില്‍ കഴിയുന്നത്. രോഗികളുടെ എണ്ണവും പണ്ടത്തേതിലും എത്രയോ വര്‍ധിച്ചു. ചികില്‍സയ്ക്ക് പണമില്ലാതെ ഉഴലുന്നവര്‍, മക്കളെ പഠിപ്പിക്കാന്‍ ന്യായമായ സാമ്പത്തികംപോലും ഇല്ലാതെ വിഷണ്ണരാകുന്നവര്‍, മംഗല്യഭാഗ്യം ഇല്ലാതെ വീടുകളില്‍ ദുരിതം തിന്ന് വീര്‍പ്പടക്കുന്ന പെണ്‍മക്കള്‍.

കണ്ണീരുകുടിക്കുന്നവര്‍ക്ക് റമദാന്‍ നാളുകളില്‍ ഇത്തിരി നെയ്യും നാല് കാരക്കയും ബിരിയാണി അരിയുമടങ്ങുന്ന 1,000 രൂപയുടെ റമദാന്‍ കിറ്റുകള്‍ നല്‍കിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം എന്നത് മരീചിക മാത്രമായിരിക്കും.

തുടക്കത്തില്‍ അബ്ദുല്‍ വഹാബിന്റെ കണ്ണീരിനെ ഉപന്യസിച്ചത് ദരിദ്രരെ കണ്ടെത്താന്‍ സംഘടനകള്‍ പുതിയൊരു പദ്ധതി തന്നെ ആവിഷ്‌കരിക്കണമെന്നു പറയാനാണ്. ഒന്നുമില്ലാത്തവന്റെ പരിദേവനങ്ങള്‍ കേട്ടറിഞ്ഞ്, അന്വേഷിച്ചറിഞ്ഞ് ഇരുചെവി അറിയാതെ സഹായിക്കലാണ് യഥാര്‍ഥ സകാത്ത് വിതരണസമ്പ്രദായം.

കാലം ഇഴയവെ ദരിദ്രരുടെ ദീനാവസ്ഥകള്‍ പെരുകുകയാണ്. സമ്പത്ത് കുന്നുകൂട്ടുന്നവര്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പരസ്യങ്ങളുടെ അകമ്പടി ഇല്ലാതെ ജാഗ്രത്താവണം.
Next Story

RELATED STORIES

Share it