Flash News

ഒടിപി കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

ഒടിപി കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
X


പത്തനംതിട്ട: ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിപ്പിച്ച് അക്കൗണ്ട് ഉടമകളില്‍ നിന്നും ഒടിപി കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ഡല്‍ഹി ഉത്തംനഗറില്‍ താമസമാക്കിയ ഹിമാചല്‍ സ്വദേശി അഷിഷ് ദിമാന്‍ ആണ് പന്തളം പോലീസിന്റെ വലയിലായത്. പഴയ എടിഎം കാര്‍ഡ് മാറ്റി ചിപ്പുള്ള പുതിയ കാര്‍ഡ് നല്‍കാന്‍, എടിഎം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍, എടിഎം കാര്‍ഡ് അണ്‍ബ്ലോക്ക് ചെയ്യാന്‍ എന്നുള്ള രീതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് ഇടപാടുകാരെ വിളിച്ച് പരിചയപ്പെടുത്തി ഒടിപി നമ്പര്‍ കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ് പറഞ്ഞു. ഓണ്‍ ലൈന്‍ തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടര്‍  പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന്  ഷാഡോ പോലീസിന്റെയും സൈബര്‍ വിഭാഗത്തിന്റെയും സഹായത്തോടെ പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിലായത്. പരാതിക്കാരന് നഷ്ടപ്പെട്ട തുകയില്‍ ഒരു ഭാഗം എറണാകുളം ജില്ലയിലെ ഒരു ബാങ്ക് അകൗണ്ടിലേക്കാണ് പോയത് എന്ന സൈബര്‍ സെല്ലിന്റെ കണ്ടെത്തലാണ് പ്രതിയെ പിടികൂടാന്‍ വഴി തെളിയിച്ചത്.
തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ ബാങ്ക് മാനേജരുടെ സഹായത്തോടെ അക്കൗണ്ട് ഉടമയായ ആഷിഷ് ദിമാനെ പോലീസ് പിടികൂടി. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി 2017 ഡിസംബര്‍ 15ന് എറണാകുളത്ത് തുടങ്ങിയ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പോലിസിന്റെ പ്രാഥിമിക അന്വേഷണത്തില്‍ വ്യക്്തമായി. ആഷിഷിന്റെ അക്കൗണ്ടില്‍ വരുന്ന പണം എടിഎം കാര്‍ഡ് ഉപയോഗിച്ച് സംഘത്തിലെ മറ്റുള്ളവര്‍ ഡല്‍ഹിയിലാണ് പിന്‍വലിക്കുന്നത്. ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘത്തിലെ സ്ത്രീകളാണ് ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തന്ത്രപരമായി അക്കൗണ്ടുടമയെ സമീപിച്ച് എടിഎം കാര്‍ഡിന്റെ വിവരങ്ങളും അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലിലേക്ക് വരുന്ന ഒടിപിയും മനസിലാക്കി വിവരങ്ങള്‍ കൈമാറുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേരളത്തിനകത്തും പുറത്തുമായി വന്‍ തുകയുടെ ഓണ്‍ ലൈന്‍തട്ടിപ്പ് നടത്തിയ സംഘത്തിന്റെ വ്യാപ്്തിയെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it