Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : സന്നാഹ മല്‍സരങ്ങള്‍ ഇന്നു മുതല്‍



ലണ്ടന്‍: കുട്ടിക്രിക്കറ്റിന്റെ കോലാഹലങ്ങള്‍ കൊട്ടിക്കലാശിച്ചു. ഇനി കളി മാറുകയാണ്. ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്. ട്വന്റി ഫോര്‍മാറ്റില്‍ നിന്ന് 50 ഫോര്‍മാറ്റിലേക്ക്. എട്ടു ക്ലബ്ബുകളില്‍ നിന്ന് എട്ട് രാജ്യങ്ങളിലേക്ക്. ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചില്‍ ആവേശവും ആകാംക്ഷയും കോരിയിട്ട് കൊണ്ട് മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ജൂണ്‍ ഒന്നിന് ആരംഭിക്കും. ഐസിസി ഏകദിന റാങ്കിങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ കരുത്തു പരീക്ഷിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ എട്ടാം സീസന് പിച്ചുകള്‍ തയ്യാറായികഴിഞ്ഞു. എട്ടു ടീമുകളെ രണ്ട്് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ട്- ബംഗ്ലാദേശ് മല്‍സരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ കളി നാലാം തിയ്യതിയാണ്. പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ടീമുകള്‍ ഇംഗ്ലണ്ടിലെത്തി കഴിഞ്ഞതോടെ സന്നാഹ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ആസ്‌ത്രേലിയയും ശ്രീലങ്കയും തമ്മിലാണ് ഇന്നത്തെ മല്‍സരം. നിലവിലെ ജേതാക്കളായ ഇന്ത്യയുടെ ആദ്യ സന്നാഹ മല്‍സരം ഞായറാഴ്ചയാണ്. ന്യുസിലാന്‍ഡ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് എല്ലാ മല്‍സരങ്ങളും. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവല്‍, എജ്ബാസ്റ്റന്‍, കാര്‍ഡിഫ് എന്നീ സ്ഥലങ്ങളിലായാണ് മല്‍സരം. അതിനിടെ, ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സീസണ്‍ അവസാനത്തോടെ ചാംപ്യന്‍സ് ട്രോഫിക്കിറങ്ങുന്ന ഇന്ത്യന്‍ ടീം കിരീടം നിലനിര്‍ത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ്. ഇടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം ഏറ്റുമുട്ടുന്നു എന്നതും ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയുടെ മുഖ്യ ആകര്‍ഷണീയതയാണ്.
Next Story

RELATED STORIES

Share it