Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി : ഓസീസ് കുതിപ്പില്‍ വില്ലനായി മഴ



ലണ്ടന്‍: കെന്നിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് മൈതാനത്തില്‍ കരുത്തരാണെന്ന് തെളിയിക്കാന്‍ ഇറങ്ങിയ ആസ്‌ത്രേലിയക്ക് മുന്നില്‍ 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 182ല്‍ ഓള്‍ ഔട്ടാവുകയായിരുന്നു. മഴമൂലം വൈകി ആരംഭിച്ച മല്‍സരത്തില്‍ 44.3 ഓവറിലാണ് ബംഗ്ലാദേശ് കൂടാരം കയറിയത്. ആസ്‌ത്രേലിയക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയുടെ ഇന്നിങ്‌സ് മഴ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് പിന്നിട്ടിരിക്കെയാണ് മഴ വില്ലനായത്. 34 ഓവര്‍ അവശേഷിക്കെ ജയിക്കാന്‍ ആസ്‌ത്രേലിയക്ക് 100 റണ്‍സ് വേണം. ടോസ് നേടി ബാറ്റേന്തിയ ബംഗ്ലാ കടുവകളെ തമിം ഇഖ്ബാല്‍(95) ഒറ്റയ്ക്കാണ് നയിച്ചത്. മറുവശത്ത് വിക്കറ്റ് വീണു കൊണ്ടിരിക്കെ ആഞ്ഞടിച്ച് മുന്നേറിയ തമിം ഇഖ്ബാല്‍ പുറത്തായത് ഏഴാം വിക്കറ്റിലാണ്. 114 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമായി സെഞ്ച്വറിക്കരികെ എത്തിയ തമിമിനെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹെയ്‌സല്‍വുഡ് ക്യാച്ചില്‍ കുടുക്കി. സൗമ്യ സര്‍ക്കാര്‍ (3), ഇമ്രുല്‍ കൈസ് (6), മുഷ്ഫിഖുര്‍ റഹ്മാന്‍ (9) തുടങ്ങിയവര്‍ അതിവേഗം മടങ്ങിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍(29) കുറച്ചു സമയം  ചെറുത്തുനിന്നു. പിന്നെയും തുരുതുരാ വിക്കറ്റ് വീണ ബംഗ്ലാദേശ് 200നപ്പുറം കടന്നില്ല. സാബിര്‍ റഹ്മാന്‍ (8), മഹ്മൂദുള്ള(8), മെഹ്ദി ഹസന്‍ മിറാസ് (14), മശ്‌റഫ് മൊര്‍തസ (0), റൂബെല്‍ ഹൊസൈന്‍(0), മുസ്തഫിസുര്‍ റഹ്മാന്‍ (1*) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റു സ്‌കോറര്‍മാര്‍. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അദം സാംബ രണ്ടും ഹെയ്‌സല്‍വുഡ്, പാറ്റ് കുമ്മിന്‍സ്, ട്രാവിസ് ഹെഡ്, ഹെന്റിക്വസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Next Story

RELATED STORIES

Share it