Flash News

ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്നു മുതല്‍



ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കമാവും. ആദ്യ മല്‍സരത്തില്‍ അതിഥേയരായ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ഏകദിന റാങ്കിങിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമെന്റ് മിനി ക്രിക്കറ്റ് ലോകകപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മല്‍സരങ്ങള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വിജയം നേടിയ ഇംഗ്ലണ്ട് മികച്ച ഫോമില്‍ ഉദ്ഘാടന മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്കെതിരായ സന്നാഹ മല്‍സരത്തിലേറ്റ 240 റണ്‍സ് തോല്‍വിയുടെ ഭാരവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ നാലിന് ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമാണുള്ളത്. ആദ്യ രണ്ട് സന്നാഹ മല്‍സരത്തിലും ജയിച്ച ഇന്ത്യ ആത്മവിശ്വസത്തിലാണ് ടൂര്‍ണമെന്റിനിറങ്ങുന്നതെങ്കിലും ഇന്ത്യന്‍ ടീമിനുള്ളിലെ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടീം പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്ക
ഏകദിന റാങ്കിങ്: 1 മികച്ച പ്രകടനം: 1998 ചാംപ്യന്‍മാര്‍ കഴിഞ്ഞ ടൂര്‍ണമെന്റ്: സെമി ഫൈനലില്‍ പുറത്ത്
ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മല്‍സരം മൂന്നാം തിയ്യതി ശ്രീലങ്കയ്‌ക്കെതിരേയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തോല്‍വിയറിഞ്ഞ ചീത്തപ്പേര് മാറുംമുമ്പാണ് ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് പോരാട്ടത്തില്‍ ബാറ്റെടുക്കുന്നത്. എതിരാളികളായ ശ്രീലങ്കയും തോല്‍വിയുടെ ഭാരവും പേറിയാണ് ആദ്യ മല്‍സരത്തിനിറങ്ങുന്നത് എന്നത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒന്നാംനമ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സും കഗിസോ റബദയും ബാറ്റിങിന്റെയും ബൗളിങിന്റെയും കരുത്താണ്.
ആസ്‌ത്രേലിയ
ഏകദിന റാങ്കിങ്: 2 മികച്ച പ്രകടനം: 2006, 2009 ചാംപ്യന്‍മാര്‍ കഴിഞ്ഞ ടൂര്‍ണമെന്റ്: ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി
ഇത്തവണ ചാംപ്യന്‍സ് ട്രോഫി സാധ്യത കല്‍പ്പിക്കപ്പെടുന്ന കരുത്തന്മാരുടെ നിര ആദ്യ സന്നാഹത്തില്‍ വന്‍ ജയമാണ് നേടിയത്. ശ്രീലങ്കയുടെ 318 എന്ന മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. രണ്ടാം സന്നാഹം മഴമൂലം ഉപേക്ഷിച്ചു. നായകന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ബാറ്റിങ് നിരയുടെ നെടുംതൂണുകളാവുമ്പോള്‍ കരുത്തുറ്റ ഫാസ്റ്റ് ബൗളിങ് താരങ്ങളും ഓസീസിനുണ്ട്്. മിച്ചല്‍ സ്റ്റാര്‍ക്ക് നേതൃത്വം നല്‍കുന്ന പേസ് നിരയില്‍ ജോഷ് ഹേസല്‍വുഡ്, ജെയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരും ചേരുമ്പോള്‍ ചാംപ്യന്‍സ് ട്രോഫി കങ്കാരുക്കല്‍ പോക്കറ്റിലാക്കാന്‍ സാധ്യത ഏറെയാണ്.
ഇന്ത്യ
ഏകദിന റാങ്കിങ്: 3 മികച്ച പ്രകടനം: 2002, 2013 ചാംപ്യന്‍മാര്‍ കഴിഞ്ഞ ടൂര്‍ണമെന്റ്: ചാംപ്യന്‍
മറ്റു ടീമുകളെയൊക്കെ തരിപ്പണമാക്കി ഇത്തവണ ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പോലും പ്രതികരിക്കുന്നത്. സന്നാഹ മല്‍സരങ്ങളിലെ ഇന്ത്യന്‍ പ്രകടനം ഈ വാദത്തെ ശക്തിപ്പെടുത്തുന്നതാണ്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ 45 റണ്‍സിനും രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ 240 എന്ന കൂറ്റന്‍ സ്‌കോറിനും തോല്‍പിച്ച്് ഇന്ത്യ സന്നാഹം ഗംഭീരമാക്കി. വിദേശ മണ്ണില്‍ പോലും കിടിലന്‍ ഫോം നിലനിര്‍ത്തുന്ന, പരിചയ സമ്പന്നരായ താരനിരയാണ് ഇന്ത്യയുടെ കരുത്ത്. ഐപിഎല്ലിലെ മികച്ച പരിശീലനക്കളരിയില്‍ നിന്ന് 50 ഫോര്‍മാറ്റിലേക്ക് കളിമാറ്റുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനും ആകെ തിരിച്ചടിയേകുന്നത് പരിശീലകന്‍ അനില്‍ കുംബ്ലെയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ന്യൂസിലന്‍ഡ്
ഏകദിന റാങ്കിങ്: 4 മികച്ച പ്രകടനം: 2000 ചാംപ്യന്‍മാര്‍ കഴിഞ്ഞ ടൂര്‍ണമെന്റ്: ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി
മികച്ച ബാറ്റിങ്- ബൗളിങ് നിരയുമായി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന ന്യൂസിലന്‍ഡിന്റെ കാര്യം ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. 17 വര്‍ഷത്തിനു ശേഷം ചാംപ്യന്‍സ് ട്രോഫി കൈപ്പിടിയിലാക്കാന്‍ എത്തിയ കിവികള്‍ക്ക് അതിനൊത്ത സ്‌ക്വാഡ് തന്നെയുണ്ട്. കെയ്ന്‍ വില്യംസന്റെ നേതൃത്വത്തില്‍ 2015ല്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായതും 2016 ട്വന്റി ലോകകപ്പില്‍ സെമിഫൈനലിസ്റ്റുകളായതും ന്യൂസിലന്‍ഡിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സന്നാഹ മല്‍സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യന്‍ കടുവകള്‍ക്ക് മുന്നില്‍ കിവീസ് അടിയറവ് പറഞ്ഞത്. രണ്ടാം സന്നാഹത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച്, തങ്ങള്‍ കരുത്തില്‍ ഒട്ടുംപിന്നിലല്ലെന്നും ന്യൂസിലന്‍ഡ് തെളിയിച്ചു.
ഇംഗ്ലണ്ട്
ഏകദിന റാങ്കിങ്: 5 മികച്ച പ്രകടനം: 2004, 2013  ഫൈനല്‍ റൗണ്ടില്‍ പുറത്തായികഴിഞ്ഞ ടൂര്‍ണമെന്റ്: ഫൈനലില്‍ കടന്നു
ആതിഥേയരായ ഇംഗ്ലണ്ട് ടീമിന് ഇത്തവണ ടൂര്‍ണമെന്റ് അഭിമാന പ്രശ്‌നം കൂടിയാണ്. സ്വന്തം മണ്ണില്‍, ആരാധകര്‍ക്ക് മുന്നില്‍ ചാംപ്യന്‍സ് ട്രോഫി നഷ്ടപ്പെടുത്തിയാല്‍ ഇംഗ്ലീഷുകാര്‍ക്ക് അത് അത്ര സുഖകരമായിരിക്കില്ല. ജോയ് റൂട്ട്, ജോസ് ബട്ടലര്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി തുടങ്ങിയ കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാരാണ് ഇംഗ്ലണ്ടിന്റെ നെടുംതൂണുകള്‍. സ്റ്റീവ് ഫിന്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് ലിയാം പ്ലക്കറ്റും കരുത്തേവും. ഇതിനെല്ലാം പുറമെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി എന്ന ആത്മവിശ്വാസവും ഇംഗ്ലീഷുകാരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ബംഗ്ലാദേശ്
ഏകദിന റാങ്കിങ്: 6 മികച്ച പ്രകടനം: 2002, 2004

ഗ്രൂപ്പ് സ്റ്റേജ്കഴിഞ്ഞ ടൂര്‍ണമെന്റ്: യോഗ്യത നേടിയില്ല
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന റാങ്കിങ് കരസ്ഥമാക്കിയ ബംഗ്ലാദേശ് നിര ചാംപ്യന്‍സ് ട്രോഫിയില്‍ അട്ടിമറി നടത്താന്‍ കെല്‍പ്പുള്ളവരാണ്. എ ഗ്രൂപ്പില്‍ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ വമ്പന്‍മാര്‍ക്കൊപ്പം ഇടംനേടിയ ബംഗ്ലാ കടുവകള്‍ 2006ലാണ് അവസാനമായി ചാംപ്യന്‍സ് ട്രോഫി കളിച്ചത്. 2015ല്‍ ആസ്‌ത്രേലിയയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ ബംഗ്ലാദേശ്, സ്വന്തം മണ്ണില്‍ നാല് ഏകദിന പരമ്പരകളിലായി പാകിസ്താന്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരെ തോല്‍പിക്കുകയുണ്ടായി. അവസാന സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ 100 പോലും കടക്കാനാവാതെ പുറത്തായതാണ് ബ്ംഗ്ലാദേശിന്റെ അടുത്തിടെയുണ്ടായ മോശം പ്രകടനം. ആദ്യ സന്നാഹത്തില്‍ പാകിസ്താനോട് തോല്‍വി സമ്മതിച്ചെങ്കിലും 341 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ ബംഗ്ലാദേശിനായി.
ശ്രീലങ്ക
ഏകദിന റാങ്കിങ്: 7 മികച്ച പ്രകടനം: 2002 ചാംപ്യന്‍മാര്‍കഴിഞ്ഞ ടൂര്‍ണമെന്റ്: സെമിഫൈനലില്‍ പുറത്തായി
ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ്, പേസ് ബൗളര്‍ ലസിത് മലിംഗ എന്നിവരുടെ തിരിച്ചുവരവ് ശ്രീലങ്കയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇരുവര്‍ക്കുമൊപ്പം വിദേശമണ്ണില്‍ അനുഭവ സമ്പത്ത് കുറവുള്ള യുവനിര ആഞ്ഞടിച്ചാല്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സിംഹളര്‍ക്ക് സാധിക്കും. രണ്ട് സന്നാഹമല്‍സരങ്ങളില്‍ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നീ കരുത്തന്മാര്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്തിയാണ് സിംഹളര്‍ ക്രീസ് വിട്ടത്. ബാറ്റ്‌സ്മാന്‍മാരായ ദിനേശ് ചാന്ദിമല്‍, കുസാല്‍ പെരേര, ഫാസ്റ്റ് ബൗളര്‍മാരായ നുവാന്‍ കുലാസെകേര, ഓള്‍റൗണ്ടര്‍ തിസാര പെരേര എന്നിവര്‍ 2013 ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സെമിഫൈനല്‍ വരെ പൊരുതിയവരാണ്. എന്നാല്‍, സൂപ്പര്‍ താരങ്ങളായ മാത്യൂസും മലിംഗയും ഐപിഎല്ലില്‍ പരിക്കേറ്റത് ടീമിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പാകിസ്താന്‍
ഏകദിന റാങ്കിങ്: 8മികച്ച പ്രകടനം: 2000, 2004, 2009 സെമിഫൈനല്‍കഴിഞ്ഞ ടൂര്‍ണമെന്റ്: ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി
കടുത്ത ക്ഷീണത്തിലുള്ള പാകിസ്താന്‍ നിര ആദ്യ മല്‍സരത്തില്‍ തന്നെ ചിരവൈരികളായ ഇന്ത്യയോടാണ് ഏറ്റുമുട്ടുന്നത്. എങ്കിലും ആത്മവിശ്വാസം കൈവിടുന്നില്ല ടീം. ബംഗ്ലാദേശിനെതിരേ സന്നാഹ മല്‍സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച അവര്‍, ബാറ്റിങ് നിരയുടെ തളര്‍ച്ച മറികടന്നുവെന്ന് ഈ പ്രകടനത്തില്‍ നിന്ന് മനസ്സിലാക്കാം. ബൗളര്‍മാരാണ് പാകിസ്താന് പ്രതീക്ഷയേകുന്നത്. എന്നാല്‍, പിഎസ്എല്ലില്‍ ഒത്തുകളി വിവാദത്തില്‍ ഇര്‍ഫാന്‍ അടക്കമുള്ള പ്രമുഖര്‍ കുടുങ്ങിയത് ടീമിന് ക്ഷീണമേകുന്നു. എങ്കിലും പാക് മുന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ പരിശീലനവും സര്‍ഫ്രാസ് അഹമ്മദ് എന്ന പുത്തന്‍ നായകന്റെ ക്യാപ്റ്റന്‍സിയും അദ്ഭുതം പ്രവര്‍ത്തിപ്പിച്ചേക്കും.
Next Story

RELATED STORIES

Share it