Pravasi

ഐസിബിഎഫ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നു



ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്)അന്താരാഷ്ട്ര തൊഴിലാളി ദിനം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, തൊഴില്‍ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടി ഏഷ്യന്‍ ടൗണിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 7 മുതല്‍ 11വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കുന്നുണ്ട്. ക്യാംപില്‍ ആയിരത്തോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാംപ് സ്ഥലത്ത് രജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കും. വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ വിവിധ കലാ സാംസ്‌കാരിക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും. വിവിധ കമ്പനികളിലെ തൊഴിലാളികള്‍ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ ഉണ്ടായിരിക്കും. ആഭ്യന്തര വകുപ്പിലെ ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളും ചടങ്ങില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിക്കും. നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, വാഹന അപകടങ്ങള്‍ കണ്ടാല്‍ എന്ത് ചെയ്യണം, അല്‍ഫസ ഉള്‍പ്പെടെയുള്ള പോലിസുമായുള്ള ഇടപഴകല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ഉണ്ടാവും. ഐസിബിഎഫ് പ്രസിഡന്റ് ഡേവിസ് എടക്കുളത്തൂര്‍, വൈസ് പ്രസിഡന്റ് പി എന്‍ ബാബു രാജന്‍, ആഭ്യന്തര മന്ത്രാലയം പ്രതിനിധി ലഫ്റ്റനന്റ് വാഹിദ് മുഹമ്മദ് അബ്ദുല്ല, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി റീച്ച്ഔട്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it