Flash News

ഐറിഷ് വനിത ലിഗയുടെ മരണം; പോലിസിനെതിരേ കുടുംബം

തിരുവനന്തപുരം: ഐറിഷ് വനിത ലിഗയുടെ മരണത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ലിഗയെ കാണാതായി 10 ദിവസങ്ങള്‍ക്കു ശേഷമാണു പോലിസ് അന്വേഷണം ആരംഭിച്ചതെന്നു സഹോദരി ഇല്‍സ ആരോപിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ സഹോദരിയെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയുടെ മരണം ആത്മഹത്യയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് ഇല്‍സയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താ സമ്മേളനം നടത്തിയത്.
കേസ് സംബന്ധിച്ച് ആദ്യം ഡിജിപിയെ സമീപിച്ചപ്പോള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല. എന്നാല്‍ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്തു തന്നെ പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ച് അന്വേഷിക്കണമെന്ന് കേണപേക്ഷിച്ചെങ്കിലും അവര്‍ ചിരിച്ചുതള്ളുകയായിരുന്നു. മുഖ്യമന്ത്രിയെ നേരത്തേ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഇല്‍സ ആവശ്യപ്പെട്ടു.
കടുത്ത വിഷാദരോഗത്തിനു ചികില്‍സയിലായിരുന്നെങ്കിലും ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താനാവില്ല. ആരോ ലിഗയെ അവിടെ എത്തിച്ചതാവാം. കോവളം ബീച്ചിനെ ക്കുറിച്ചു കേട്ടുകേള്‍വി പോലുമില്ലാത്ത, ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിച്ചേര്‍ന്നു. ഈ പ്രദേശത്തു മുമ്പും ദുരൂഹമരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്ന് അറിഞ്ഞു. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ല. ആവശ്യത്തിനു പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളുന്നു.
സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. പോലിസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നില്ല. ആത്മഹത്യയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ എംബസിയുടെയും ലാത്വിയന്‍ സര്‍ക്കാരിന്റെയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെ പോലെ തന്നെ കേരളത്തിലെത്തുന്ന വിദേശികളെയും സംരക്ഷിക്കണമെന്നും ഇല്‍സ ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കിയ മലയാളികള്‍ക്ക് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരില്‍ കേരളത്തെ പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യര്‍ഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അതു പോലിസിനെ അറിയിക്കണം. ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വായിച്ചു. അതില്‍ അസ്വാഭാവിക മരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണു കണ്ടല്‍ക്കാട്ടില്‍ ലിഗ എത്തിയതെന്നതില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it