ഐഒസിയിലെ ട്രക്കുകളുടെ കുറവ് ഉന്നത ഉദ്യോഗസ്ഥര്‍ പ്ലാന്റിലെത്തി ചര്‍ച്ച നടത്തി

തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി പ്ലാന്റില്‍ ട്രക്കുകള്‍ കുറഞ്ഞ സംഭവത്തിലും മിന്നല്‍ പണിമുടക്ക് കാരണവും പാചകവാതക നീക്കങ്ങള്‍ക്കു തടസ്സം വരാനിടയാകുന്ന സാഹചര്യത്തില്‍ ഐഒസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്ലാന്റിലെത്തി ചര്‍ച്ച നടത്തി. ലോറി ഉടമ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, ട്രക്ക് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കണ്ണൂര്‍ ഏരിയാ സെയില്‍സ് മാനേജര്‍ ചിത്ര, കോഴിക്കോട് ഏരിയാ മാനേജര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ഐഒസിയെ പ്രതിനിധീകരിച്ചെത്തിയത്. പ്ലാന്റ് മാനേജര്‍ ലക്ഷ്മിപതി, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ ഗോവിന്ദന്‍കുട്ടി, കണ്ണന്‍, ശിവാനന്ദന്‍ (സിഐടിയു), എം ഗണേശന്‍ (ബിഎംഎസ്), ട്രക്ക് ഉടമ പ്രതിനിധികളായ കരീം, ആസിഫ് പങ്കെടുത്തു.
ചേളാരിയില്‍ നേരത്തേ 149 ട്രക്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴത് 90 ആയി കമ്പനി ചുരുക്കിയതാണ് യഥാര്‍ഥ പ്രശ്‌നമെന്ന് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനു പരിഹാരം കാണാന്‍ ഏതാനും ട്രക്കുകള്‍ കൂടി കമ്പനിയില്‍ സിലിണ്ടര്‍ നീക്കത്തിനു വേണമെന്ന കാര്യം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തത്ത്വത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it