World

ഐഎസ്‌ഐ മുന്‍ തലവനോട്് വിശദീകരണം തേടി

ഇസ്‌ലാമാബാദ്: റോ മുന്‍ മേധാവിക്കൊപ്പം പുസ്തക രചനയില്‍ പങ്കാളിയായ ഐഎസ്‌ഐ മുന്‍ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അസദ് ദുറാനിയോട് പാകിസ്താന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മുന്‍ തലവന്‍ അമര്‍ജിത് സിങ് ദുലാതും പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐയുടെ മുന്‍ തലവന്‍ ദുറാനിയും തമ്മിലുള്ള സംഭാഷണങ്ങളാണ് സ്‌പൈ ക്രോണിക്കിള്‍സ്: റോ. ഐഎസ്‌ഐ ആന്റ് ദ ഇല്യൂഷന്‍ ഓഫ് പീസ് എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങുന്നത്. പുസ്തകത്തില്‍ പറയുന്ന നിലപാടുകള്‍ സംബന്ധിച്ചാണു ദുറാനിയോട് വിശദീകരണം തേടിയത്.
സൈനിക പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് ദുറാനിയുടെ വെളിപ്പെടുത്തല്‍ എന്ന് പാകിസ്താന്‍ ഉദ്യോഗസ്ഥരെ അധികരിച്ച് എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. ഒസാമാ ബിന്‍ലാദിനെ ലക്ഷ്യംവച്ച് രാജ്യത്ത് യുഎസ് നടത്തിയ സൈനിക നീക്കത്തെക്കുറിച്ച്് പാകിസ്താനിലെ അന്നത്തെ പ്രധാനമന്ത്രി യൂസഫ് റസാ ഗിലാനിക്ക് അറിവുണ്ടായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ ദുറാനിയുടെ സംഭാഷണങ്ങളിലുണ്ട്. പാകിസ്താനിലെ ആബട്ടാബാദില്‍ യുഎസ് നടത്തിയ ഈ സൈനിക നീക്കത്തിനു മുന്നോടിയായി ഇരു രാജ്യങ്ങളും രഹസ്യ ധാരണയിലെത്തിയതായും പുസ്തകത്തില്‍ പറയുന്നു.
മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തിക്കുറ്റത്തിന് അറസ്റ്റ് ചെയ്ത നടപടി പാകിസ്താന്‍ തെറ്റായി കൈകാര്യം ചെയ്തതായും പുസ്തകത്തില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനായ ആദിത്യ സിന്‍ഹയും പുസ്തക രചനയില്‍ പങ്കാളികളായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പുസ്തകത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
Next Story

RELATED STORIES

Share it