ഐഎംഎ മാലിന്യ പ്ലാന്റ്: സര്‍ക്കാര്‍ പൊതുജനാഭിപ്രായം മാനിക്കും- ശൈലജ

തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ ഐഎംഎ സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശത്ത് ആശങ്ക നിലനില്‍ക്കുന്നുണ്ട്. പൊതുജനാഭിപ്രായം മാനിച്ചെ പദ്ധതി നടപ്പാക്കൂ. പ്രദേശവാസികള്‍ക്ക് കൂടി സൗകര്യപ്രദമായ മറ്റൊരു സ്ഥലം ലഭ്യമായാല്‍ അവിടേക്ക് പ്ലാന്റ് മാറ്റി സ്ഥാപിക്കും. അതേസമയം, എല്ലാവരെയും തൃപ്തിപ്പെടുത്തി പദ്ധതി നടപ്പാക്കാനാവില്ല. അപൂര്‍വ സസ്യങ്ങളുടെ കലവറയായ പ്രദേശത്ത് നിന്ന് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ഡി കെ മുരളി എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്ലാന്റ് വരുന്നത് വഴിയുണ്ടാവുന്ന പാരിസ്ഥിതിക ആഘാതം നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും ഡി കെ മുരളിയുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  നിലവില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മാലിന്യങ്ങള്‍ പാലക്കാട് കഞ്ചിക്കോടുള്ള ഐഎംഎയുടെ മാലിന്യ പ്ലാന്റിലാണ് സംസ്‌കരിക്കുന്നത്. കേരളത്തിലെ എല്ലാ മാലിന്യവും ഇവിടെ സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെരിങ്ങമലയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.  ആശുപത്രി മാലിന്യ നിര്‍മാര്‍ജനം ഒഴിച്ചു കൂടാനാവത്തതാണെന്നും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it