Kottayam Local

ഏറ്റുമാനൂരില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം; പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു

ഏറ്റുമാനൂര്‍: എസ്എഫ്‌ഐ- എബിവിപി സംഘട്ടനത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ബിജെപിയും സംഘപരിവാറും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം.വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ഒട്ടും ബാധിച്ചില്ല. ശബരിമല സീസണായതിനാല്‍ ക്ഷേത്രപരിസരത്തെ കടകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രകടനമായെത്തിയ ബിജെപി,  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടകളെല്ലാം അടപ്പിച്ചു. പ്രകടനത്തിനിടെ തവളക്കുഴിയിലും ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലുമുള്ള സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇതിനിടെ പോലിസുമായും പ്രകടനക്കാര്‍ തര്‍ക്കമുണ്ടായി. പ്രകടനം കനത്ത പോലിസ് കാവലിലായിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തു നിന്നാരംഭിച്ച പ്രകടനം പട്ടിത്താനം റൗണ്ടാനയിലെത്തി തിരികെ ടൗണ്‍ ചുറ്റി പേരൂര്‍ കവലയില്‍ എത്തിയാണ് സമാപിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍പോലിസ് സംഘം ഏറ്റുമാനൂരില്‍ തമ്പടിച്ചിട്ടുണ്ട്.  ക്രിസ്മസ് ദിനത്തിന്റെ തലേന്ന് രാത്രി ഏറ്റുമാനൂര്‍  ആര്‍എസ്എസ് കാര്യാലയം തീവെച്ചു നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. അഞ്ച് മുറികളുള്ള ലൈന്‍ കെട്ടിടത്തില്‍ ഒരറ്റത്തായിരുന്നു ആര്‍എസ്എസ് കാര്യാലയം. ഓഫിസിന്റെ തുറന്ന് കിടന്ന ജനലിനുള്ളിലൂടെ മണ്ണെണ്ണയൊഴിച്ചായിരുന്നു തീ കൊളുത്താന്‍ ശ്രമിച്ചത്. തീ ആളിപ്പടര്‍ന്നപ്പോഴേക്കും ഇതേ കെട്ടിടത്തിലെ മറ്റ് മുറികളിലെ  താമസക്കാര്‍ എത്തി കെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐയില്‍ നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമാനൂരപ്പന്‍ കോളജിലെ എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയായാണ് ഏറ്റുമാനൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it