എസ്‌സി, എസ്ടി നിയമം ദുര്‍ബലമാക്കല്‍: കേരളം കേന്ദ്രത്തിന് കത്തയച്ചു സുപ്രിംകോടതി വിധിയില്‍ ഇടപെടണം

തിരുവനന്തപുരം: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുനപ്പരിശോധിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് കേരളം.  പുനപ്പരിശോധനാ ഹരജി നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ കേന്ദ്ര സാമൂഹികനീതി മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ടിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 1989ല്‍ നിലവില്‍ വന്ന നിയമത്തിലെ 18ാം വകുപ്പനുസരിച്ചാണ് കുറ്റാരോപിതര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നത്.
സുപ്രിംകോടതിയുടെ പുതിയ വിധി അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരനാണ് കുറ്റാരോപിതനെങ്കില്‍ നിയമന അധികാരിയുടെ അനുവാദത്തോടെയും മറ്റുള്ളവരെ ജില്ലാപോലിസ് മേധാവിയുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷവും മാത്രമേ അറസ്റ്റ് ചെയ്യാനാവൂ.
പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് നടപടിക്രമത്തിലൂടെ ഇതിനു പരിഹാരം കാണുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, സുപ്രിംകോടതി മാര്‍ഗനിര്‍ദേശത്തിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
വിഷയത്തില്‍ വിവിധ ദലിത് സംഘടനകളും പ്രതിപക്ഷ കക്ഷികളും ശക്തമായ നിലപാടെടുത്തിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെതിരേ ബിജെപിയിലെ ദലിത് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് നിലപാട് മാറ്റാന്‍ കേന്ദ്ര നിയമമന്ത്രാലയം നിര്‍ബന്ധിതമായത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് വിഷയത്തില്‍ ഉടന്‍ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്.കേസില്‍ ഹരജി തയ്യാറാക്കാന്‍ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it