എസ്ബിഐ കേരള സര്‍ക്കിള്‍ ഒമ്പതിന് പണിമുടക്കുന്നു

കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അന്യായമായ തൊഴില്‍രീതികള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കുമെതിരേ ഈ മാസം ഒമ്പതിന് എസ്ബിഐ കേരള സര്‍ക്കിള്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ)നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എസ്ബിടി-എസ്ബിഐ ലയനാനന്തരം ജീവനക്കാരെ ക്രമരഹിതമായും ദ്രോഹപരമായും സ്ഥലംമാറ്റുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് ഇടപാടുകാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദൂരത്തേക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധത്തിലും തികച്ചും പക്ഷപാതപരമായാണ് മാനേജ്‌മെന്റ് സ്ഥലംമാറ്റങ്ങള്‍ നടത്തുന്നത്. ഇതിന്റെ മറവില്‍ അംഗീകൃത യൂനിയനില്‍ ആളെ ചേര്‍ക്കുന്ന ജോലിയാണ് മാനേജ്‌മെന്റിലെ ചില ഉന്നത അധികാരികള്‍ ചെയ്യുന്നത്. ട്രേഡ് യൂനിയന്‍ അവകാശങ്ങള്‍ മാനിക്കുക, കസ്റ്റമര്‍ സൗഹൃദസേവനങ്ങള്‍ ഉറപ്പാക്കുക, അന്യായമായ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കുക, സേവിങ്‌സ് ബാങ്ക് പലിശനിരക്ക് കുറച്ച നടപടി തിരുത്തുക, മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ഈടാക്കുന്ന പിഴ സമ്പ്രദായം നിര്‍ത്തലാക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. പണിമുടക്കിന്റെ ഭാഗമായി എട്ടിനു പ്രകടനങ്ങളും ധര്‍ണകളും റാലികളും നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡ ന്റ് അനിയന്‍ മാത്യു, ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം യൂനിറ്റ് ചെയര്‍മാന്‍ പി എസ് രവീന്ദ്രനാഥ്, എസ് രാധാകൃഷ്ണന്‍, സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it