Flash News

എസ്ഡിപിഐ ബഹുജന്‍ മുന്നേറ്റയാത്ര നാളെ മുതല്‍



തിരുവനന്തപുരം/ കാസര്‍കോട്: വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന്‍ മുന്നേറ്റ യാത്ര നാളെ മുതല്‍ 24 വരെ നടക്കും. രണ്ടു മേഖലകളിലായാണ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല യാത്രയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3.30ന് ബാലരാമപുരത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് നിര്‍വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. തമിഴ്‌നാട് വൈസ് പ്രസിഡന്റ് നെല്ലൈ മുബാറക്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സെക്രട്ടറി റോയ് അറയ്ക്കല്‍, കെ കെ റൈഹാനത്ത്, എ കെ സലാഹുദ്ദീന്‍, വി എം ഫഹദ് തുടങ്ങിയവര്‍ പങ്കെടുക്കും. തെക്കന്‍ മേഖല ജാഥ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ നയിക്കുന്ന വടക്കന്‍ മേഖല യാത്ര കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും പര്യടനം നടത്തും. ഇരു യാത്രകളും 24ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ സമാപിക്കും. സംഘപരിവാരത്തിനെ പ്രീതിപ്പെടുത്തുന്നതിന് മടിയില്ലാത്ത ഇരുമുന്നണികളും എസ്ഡിപിഐ അടക്കമുള്ള നവരാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ഡിപിഐക്ക് വോട്ട് ചെയ്യുന്നവരുടെ മേല്‍ വര്‍ഗീയതയുടെ ചാപ്പയടിക്കുകയും ചെയ്യുന്നു. ഇരുമുന്നണികളുടെയും രാഷ്ട്രീയ കാപട്യത്തെയും വര്‍ഗീയ വിഭജന രാഷ്ട്രീയത്തെയും തുറന്നുകാട്ടുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാഥ അസിസ്റ്റന്റ് മാനേജര്‍ നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പങ്കെടുത്തു. വടക്കന്‍മേഖല ജാഥ നാളെ വൈകീട്ട് 3.30ന് ഉപ്പളയില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് മുഹമ്മദ് തുമ്പെ ഉദ്ഘാടനം ചെയ്യുമെന്ന് ജാഥാ മാനേജര്‍ കെ കെ അബ്ദുല്‍ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റംഗം അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറി പി കെ ഉസ്മാന്‍, കര്‍ണാടക സംസ്ഥാന സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, സംസ്ഥാന സമിതിയംഗം ഹനീഫ് ഖാന്‍ കൊണാജെ, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ഖജാഞ്ചി കെ പി സുഫീറ സംസാരിക്കും.രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ, ജാതീയ വിവേചനങ്ങളും നീതി നിഷേധങ്ങളും ജനാധിപത്യ ഇന്ത്യയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്് കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, സെക്രട്ടറി ഖാദര്‍ അറഫ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it