World

എവറസ്റ്റിനെ മാലിന്യമുക്തമാക്കി ചൈന; നീക്കംചെയ്തത് 8.5 ടണ്‍ മാലിന്യം

ബെയ്ജിങ്: ദിനംപ്രതി നിരവധി സന്ദര്‍ശകരും പര്‍വതാരോഹകരും എത്തുന്ന എവറസ്റ്റില്‍ നിന്നു ചൈന നീക്കംചെയ്തത് 8.5 ടണ്‍ മാലിന്യം. ഏപ്രില്‍ മുതല്‍ നീക്കംചെയ്ത മാലിന്യത്തിന്റെ വിവരങ്ങളാണു ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ടത്.
30 അംഗങ്ങളുള്ള സംഘമാണ് എവറസ്റ്റില്‍ സന്ദര്‍ശകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ആകെയുള്ള 8.5 ടണ്‍ മാലിന്യത്തില്‍ 2.3 ടണ്‍ മനുഷ്യവിസര്‍ജ്യമാണ്. പര്‍വതാരോഹകര്‍ നിക്ഷേപിച്ച ഒരു ടണ്ണോളം മാലിന്യവും നീക്കംചെയ്തതായി തിബത്തന്‍ പര്‍വതാരോഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എവറസ്റ്റ് കീഴടക്കുന്നതിനു സമാനമായിരുന്നു മാലിന്യം നീക്കംചെയ്യല്‍ പ്രക്രിയയെന്ന് സംഘാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പര്‍വതാരോഹണ സീസണില്‍ (മാര്‍ച്ച്-മെയ്) തിബത്തന്‍ ഭാഗത്തു നിന്ന് 202 പേരും നേപ്പാളിന്റെ ഭാഗത്തു നിന്ന് 446 പേരുമാണ് എവറസ്റ്റില്‍ പര്‍വതാരോഹണത്തിന് എത്തിയത്.
ഇവരെ കൂടാതെ ആയിരക്കണക്കിന് സന്ദര്‍ശകരും ഇരുവശങ്ങളിലെയും ബേസ് ക്യാംപകളിലെത്തിയിരുന്നു. മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിസ്ഥിതി സൗഹൃദ ശൗചാലയങ്ങളും മാലിന്യശേഖരണ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ചൈന ഉദ്ദേശിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് അറിയിച്ചു.
Next Story

RELATED STORIES

Share it