എല്‍ഡിഎഫ് യോഗം 26ന്; മുന്നണി വിപുലീകരിക്കാന്‍ സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്‍ഡിഎഫ് വിപുലീകരിക്കാനൊരുങ്ങി സിപിഎം. ഏതൊക്കെ പാര്‍ട്ടികളെ പുതുതായി മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരും.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാനസമിതി യോഗം മുന്നണി വിപുലീകരണത്തിന് അംഗീകാരം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു പരമാവധി സീറ്റ് നേടണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് എല്‍ഡിഎഫ് വിപുലീകരണ തീരുമാനം.
ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപ്പിള്ള, ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ മുന്നണി പ്രവേശനം ആവശ്യപ്പെട്ടിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫുമായി സഹകരിക്കുന്ന ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ ധാരണയിലാണ്. സിപിഎം നേതൃനിരയിലെ ചിലരായിരുന്നു ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശനത്തിന് തടസ്സമായിരുന്നത്. എന്നാല്‍, ഐഎന്‍എല്ലിന്റെ കാര്യത്തില്‍ ഇനി മെല്ലപ്പോക്ക് വേണ്ടന്ന നിലപാടാണു നിലവില്‍.
മറ്റുള്ളവരുടെ കാര്യത്തില്‍ മുന്നണിക്കിടയില്‍ ഇനിയും അഭിപ്രായസമന്വയം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ ധാരണയാണ് വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തിന്റെ പ്രധാന അജണ്ട. നിലവില്‍ സിപിഎമ്മിനെയും സിപിഐയെയും കൂടാതെ ജനതാദള്‍ എസ്, എന്‍സിപി, കോണ്‍ഗ്രസ് എസ്, കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം എന്നീ പാര്‍ട്ടികളാണ് അംഗങ്ങള്‍. മുന്നണിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരെയും എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനും യോഗം നിര്‍ദേശിച്ചു. ആര്‍എസ്പിയെ മുന്നണിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരാനാണു തീരുമാനം. അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സംസ്ഥാനസമിതി ചര്‍ച്ച ചെയ്തു.
എസ്ഡിപിഐയുമായി ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് കീഴ്്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനം നല്‍കിയിട്ടും അത് അംഗീകരിക്കാത്തത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it