Flash News

എലിപ്പനി: കേന്ദ്രസംഘം കോഴിക്കോട്ട്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനിമൂലം ഇന്നലെ നാലുപേര്‍ കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ, കുടുംബക്ഷേമ വകുപ്പില്‍ നിന്ന് 17 ഡോക്ടര്‍മാര്‍ ജില്ലയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചു.ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികില്‍സിക്കാനുള്ള സൗകര്യം ലഭ്യമാക്കും. നിലവില്‍ 68 പേരെ ചികില്‍സിക്കാനുള്ള സൗകര്യമാണുള്ളത്. ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികില്‍സയ്ക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ കേന്ദ്രസര്‍ക്കാറിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്നു നിയോഗിച്ചിരിക്കുന്ന 17 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ കേന്ദ്രങ്ങളില്‍ 15 ദിവസത്തേക്ക് ലഭ്യമാവും. സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ വൈകീട്ട് 5വരെ ഒപി പ്രവര്‍ത്തിക്കും. കൂടാതെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. 16 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതുവരെയായി 142 പേര്‍ പനിമൂലം ചികില്‍സതേടിയെത്തി. ഇതില്‍ 38 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയായി ജില്ലയില്‍ 16 പേരാണു മരിച്ചത്. ആഗസ്ത് 9 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. പനിയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നുണ്ടെന്നും ഇതില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ കോളജിനു പുറമെ ബീച്ച് ജന. ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പനി നിര്‍മാര്‍ജനത്തിനായി എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം 25,000 പേര്‍ക്കു മരുന്നു നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംബന്ധിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ നിന്ന് 17 ഡോക്ടര്‍മാര്‍ ജില്ലയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രോഗം വരാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്നു പൊതുജനങ്ങളോട് മന്ത്രി അഭ്യര്‍ഥിച്ചു. ജില്ലയില്‍ പുതുതായി ആരംഭിച്ച 16 താല്‍ക്കാലിക ആശുപത്രികളിലും മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. ഓരോ ദിവസവും ഡിഎംഒയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തും. ഒന്നരലക്ഷം പേര്‍ക്ക് ഇതുവരെയായി പ്രതിരോധമരുന്ന് നല്‍കി. പെരുമ്പാവൂരില്‍ പ്രളയക്കെടുതിയിയെ തുടര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51), മലപ്പുറം ചമ്രവട്ടം ചെറുകുളം രാജന്റെ ഭാര്യ ശ്രീദേവി(45), പെരിന്തല്‍മണ്ണ എരവിമംഗലം പാട്ടശേരി സുകുമാരന്റെ ഭാര്യ പ്രമീള(42), പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര വീട്ടില്‍ പരേതനായ കുട്ടന്റെ മകള്‍ നിര്‍മല (50), വടകര കുട്ടോത്ത് ഓലയാട്ട് താഴെക്കുനിയില്‍ ഉജേഷ് (38), കല്‍പ്പറ്റ പൊഴുതന പാപ്പാലമുക്കില്‍ വിജിന്‍ നിവാസില്‍ വിജയന്റെ മകന്‍ വിജിന്‍ (30), ചമ്രവട്ടം ചിറക്കുളത്ത് രാജന്റെ ഭാര്യ ശ്രീദേവി (40) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി മേഖലയിലും സ്വന്തം നാടായ നെടുമ്പാശ്ശേരിയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു കുമാരി. ഇതിനിടെ പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഏക മകന്‍ മിഥുന്‍ വിദ്യാര്‍ഥിയാണ്. നെടുമ്പാശ്ശേരി ആശാരിപ്പറമ്പ് കുടുംബാംഗമാണ് കുമാരി.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സലിയാലിരുന്നു ശ്രീദേവി. മലപ്പുറം ജില്ലയില്‍ 10പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 48 പേര്‍ നിരീക്ഷണത്തിലുമാണ്. ഇന്നലെ മാത്രം ആറുപേരാണ് നിരീക്ഷണത്തിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍മല പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സതേടിയത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെയാണു മരണം. നിര്‍മലയ്ക്ക് എലിപ്പനി ബാധയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത പറഞ്ഞു. നിര്‍മലയുട മരണം എലിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. മുണ്ടൂരില്‍ പനി ബാധിച്ചു രണ്ടാമത്തെ മരണമാണു നിര്‍മലയുടേത്. ഭിന്നശേഷിക്കാരിയായ നിര്‍മല അവിവാഹിതയാണ്. അമ്മ: ജാനു. സഹോദരങ്ങള്‍: സുരേഷ്, വിമല, ചന്ദ്രിക.പനി ബാധിച്ചതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഉജേഷിനെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: പരേതനായ ബാലന്‍. മാതാവ്: ജാനു. സഹോദരങ്ങള്‍: ഉഷ, ഉമ, ഉമേഷ്. വിജിന്‍ (30) ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് മരിച്ചത്. മരണകാരണം സംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ക്ലിനിക്കല്‍ പരിശോധനയില്‍ എലിപ്പനിയാണെന്നു തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പനി ബാധിച്ച വിജിന്‍ ആദ്യം വൈത്തിരി ആശുപത്രിയിലും പിന്നീട് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. രോഗം മൂര്‍ച്ഛിച്ചതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it