Flash News

എറണാകുളത്ത് 12 വയസ്സുകാരിക്ക് ഡൈറോഫൈലേറിയാസിസ്

എറണാകുളത്ത് 12 വയസ്സുകാരിക്ക് ഡൈറോഫൈലേറിയാസിസ്
X
mosquito

കൊച്ചി: മലേറിയ, മന്ത്, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങള്‍ക്കു പിന്നാലെ കൊതുകു പരത്തുന്ന ഡൈറോഫൈലേറിയാസിസ് എറണാകുളത്ത് 12 വയസ്സുള്ള ബാലികയില്‍ കണ്ടെത്തി. നായ്ക്കളില്‍ നിന്ന് കൊതുകുവഴിയാണ് ഈ രോഗം മനുഷ്യരിലേക്കു പകരുന്നത്.
എറണാകുളത്തെ 12 വയസ്സുകാരി പെണ്‍കുട്ടിയെ നെഞ്ചുവേദനയുമായാണ് മാതാപിതാക്കള്‍ എറണാകുളം മെഡിക്കല്‍ സെന്ററിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എം നാരായണന്റെ പക്കല്‍ കൊണ്ടുവന്നത്. നെഞ്ചിന്റെ മധ്യഭാഗത്ത് ഒരു സെന്റീമീറ്റര്‍ വലുപ്പത്തിലുള്ള ഒരു മുഴയല്ലാതെ മറ്റു തകരാറൊന്നും പരിശോധനയില്‍ കണ്ടില്ല. തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിങില്‍ മുഴയ്ക്കുള്ളില്‍ ജീവനുള്ള വിരയെ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇതിനെ നീക്കം ചെയ്തു. വിശദമായ പരിശോധനയിലാണ് വിര ഡൈറോഫൈലേറിയ ആണെന്നു സ്ഥിരീകരിച്ചത്. കേരളത്തില്‍ 10 ശതമാനത്തോളം നായ്ക്കളില്‍ ഈ വിരയുടെ ലാര്‍വകള്‍ കാണപ്പെടുന്നതായി ഡോ. നാരായണന്‍ പറഞ്ഞു. ഇത്തരം നായകളെ കടിക്കുന്ന കൊതുക് പിന്നീട് വീണ്ടും മനുഷ്യരെ കടിക്കുമ്പോള്‍ ഈ ലാര്‍വ മനുഷ്യരില്‍ പ്രവേശിക്കും. തുടര്‍ന്ന് ഇവ ശ്വാസകോശം, കണ്ണ്, ത്വക്കിനടിയിലെ കൊഴുപ്പ് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്നു. പിന്നീട് അവ പൂര്‍ണവളര്‍ച്ചയുള്ള വിരകളായി മാറുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ ഒരു വ്യക്തിയുടെ കണ്ണില്‍ ഇത്തരത്തിലുള്ള വിര കണ്ടെത്തിയിരുന്നു. ലോകത്ത് മൊത്തം ഇതേവരെ 800ഓളം പേരിലും കേരളത്തില്‍ ഇതേവരെ 10ഓളം പേരിലും ഇത്തരത്തിലുള്ള രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. നാരായണന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗം കേരളത്തില്‍ ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് 1989ലാണ്. ആദ്യമായിട്ടാണ് കുട്ടികളില്‍ ഇതു കണ്ടെത്തുന്നതെന്നും ഡോ. നാരായണന്‍ പറഞ്ഞു. കൊച്ചിയില്‍ കൊതുകിന്റെ വര്‍ധന വളരെ വലുതായതാണ് രോഗം പടരാന്‍ കാരണമാവുന്നത്. കൊതുകുനിവാരണം മാത്രമാണ് ഏക പ്രതിരോധ മാര്‍ഗമെന്നും ഇതു ഫലപ്രദമായില്ലെങ്കില്‍ കൊച്ചിയില്‍ രോഗം വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it