Kottayam Local

എരുമേലിയില്‍ കാരുണ്യ വര്‍ഷം പദ്ധതിക്കു തുടക്കം



എരുമേലി: നിരാലംബര്‍ക്കു ഭക്ഷണവും വസ്ത്രവും സുരക്ഷിതത്വവും പകര്‍ന്നു പോലിസിന്റെ കാരുണ്യ വര്‍ഷം പദ്ധതിക്ക് എരുമേലിയില്‍ തുടക്കമായത് സര്‍ക്കാര്‍ ആശുപത്രിയില്‍. പനിയും മറ്റു രോഗങ്ങളുമായി ആശുപത്രിയിലെത്തിയ രോഗികള്‍ക്കെല്ലാം ചൂടു ചായയും ഒപ്പം ബണ്ണും നല്‍കിയായിരുന്നു പദ്ധതിക്കു തുടക്കം. രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ പിന്തുണയുമായി സിപിഎം നേതാക്കളെത്തി. ഇനി പനി ഒഴിയുംവരെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം ഏറ്റെടുത്ത് നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. ജനമൈത്രി പോലിസ് ആരംഭിച്ച കാരുണ്യ വര്‍ഷം പദ്ധതിയുടെ ഭാഗമായാണ് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കു ചായയും ബണ്ണും വിതരണം ചെയ്തത്. നാട്ടിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്ന് നിര്‍ധനരെ സഹായിക്കാന്‍ കാരുണ്യ വര്‍ഷം പദ്ധതി ഈ വര്‍ഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയില്‍ ഭക്ഷണ വിതരണം ആരംഭിച്ചതെന്നു മണിമല സിഐ സുനില്‍ കുമാര്‍ അറിയിച്ചു. പദ്ധതിക്ക് എരുമേലി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണവുമുണ്ട്. ഡെങ്കിപ്പനി ഉള്‍പ്പെടെ മാരക പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലിസ് ആശ്വാസവുമായി എത്തിയത് നല്ല മാതൃകയാവുകയാണ്. ആശുപത്രിയില്‍ പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ നിര്‍വഹിച്ചു. സിഐ സുനില്‍ കുമാര്‍, എസ്‌ഐ ജര്‍ലിന്‍ വി സ്്കറിയ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി പങ്കെടുത്തു. ഇന്ന് മുതല്‍ ഭക്ഷണ വിതരണം നടത്തുമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അറിയിച്ചു. വിതരണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it