kasaragod local

എരിക്കുളത്തെ മണ്‍പാത്ര നിര്‍മാണം; പ്രതാപം അസ്തമിക്കുന്നു

കാഞ്ഞങ്ങാട്: ഒരുകാലത്ത് മണ്‍പാത്ര നിര്‍മാണത്തിന് പ്രശസ്തമായ എരിക്കുളത്തെ മണ്‍പാത്ര നിര്‍മാണത്തിന്റെ പ്രതാപം മങ്ങുന്നു. കുശവ സമുദായത്തില്‍പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കുലത്തൊഴിലായ കലം നിര്‍മാണം ഒരുകാലത്ത് ഇവര്‍ക്ക് ജീവിതോപാധിയായിരുന്നു. 150 ഓളം കുശവ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഇപ്പോള്‍ മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെടുത്തുന്നത് 50ല്‍ താഴെ ആളുകള്‍ മാത്രമാണ്. നേരത്തെ പെരിയ, പിലിക്കോട്, ബദിയടുക്ക, പൈക്ക എന്നിവിടങ്ങളിലെല്ലാം മണ്‍പാത്ര നിര്‍മാണം ഉണ്ടായിരുന്നു. പിന്നീട് ഇത് എരിക്കുളത്ത് മാത്രമായി ചുരുങ്ങുകയായിരുന്നു. പുതുതലമുറക്ക് കുലത്തൊഴിലിനോട് താല്‍പര്യമില്ലാത്തതും വൈവിധ്യവല്‍ക്കരണം നടപ്പാക്കാത്തതുമാണ് ഈ പരമ്പരാഗത തൊഴിലിന് വെല്ലുവിളിയായത്.
1984ല്‍ വൈവിധ്യവല്‍ക്കരണത്തിന് പദ്ധതിയിട്ടെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. മണ്‍പാത്ര നിര്‍മാണം വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി പൂച്ചെട്ടി നിര്‍മിക്കാനായിരുന്നു അന്ന് പദ്ധതിയിട്ടിരുന്നത്. 1984ല്‍ ഐആര്‍ഡിപിയില്‍ ഉള്‍പ്പെടുത്തി എസ്ബിഐയില്‍ നിന്നും ഒരാള്‍ക്ക് 6000 രൂപ വീതം ലോണ്‍ എടുത്താണ് കെട്ടിടവും ചൂളയുമെല്ലാം നിര്‍മിച്ചത്. ഒരു തൊഴിലാളിക്ക് 17 രൂപ ദിവസവേതനത്തിനാണ് സ്ത്രീകള്‍ ജോലി ചെയ്തിരുന്നത്. പൂച്ചട്ടി വില്‍പനക്കായി കൊണ്ടുപോയ ലോറി ബദിയടുക്കയില്‍ അപകടത്തില്‍ മറിഞ്ഞ് ഒരു വണ്ടി പാത്രങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതില്‍ വന്‍ നഷ്ടമുണ്ടായി. പിന്നീട് പൂച്ചട്ടിക്ക് വിപണി കണ്ടെത്താനാവാത്തതും സെന്റര്‍ അടച്ചുപൂട്ടാന്‍ കാരണമായി.
57 കാരിയായ സാവിത്രിയാണ് മണ്‍പാത്ര നിര്‍മാണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. മണ്‍പാത്രത്തിന് ഇപ്പോള്‍ നല്ല ഡിമാന്റുണ്ടെങ്കിലും കൂടുതല്‍ അധ്വാനമുള്ള ഈ തൊഴിലിനോട് പുതുതലമുറക്ക് താല്‍പര്യമില്ല. ഒരു ചട്ടി ഉണ്ടാക്കി ചുട്ടെടുക്കാന്‍ ദിവസങ്ങളുടെ കാത്തിരിപ്പ്് വേണ്ടതിനാല്‍ എളുപ്പം പണം ലഭിക്കുന്ന തൊഴിലിനോടാണ് പുതുതലമുറക്ക് താല്‍പര്യമെന്ന് ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള കുമാരന്‍ പറയുന്നു. മണ്‍പാത്ര നിര്‍മാണത്തില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കാനും ചൂള ഉള്‍പ്പടെയുള്ള നിര്‍മിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പുതിയ ഡിസൈനുകള്‍ പരിശീലിപ്പിച്ച് ഈ കുലത്തൊഴില്‍ നിലനിര്‍ത്തണമെന്നാണ് ഈ രംഗത്ത് ഇപ്പോഴും സജീവമായ തൊഴിലാളികള്‍ക്ക് പറയാനുള്ളത്. മണ്‍പാത്ര നിര്‍മാണത്തിനുള്ള കളിമണ്ണ്്, പൂഴി, വൈക്കോല്‍, വിറക് എന്നിവയുടെ ക്ഷാമവും വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ തന്നെ ഒന്നാംതരം എന്ന അഭിമാനിക്കാവുന്ന മണ്‍പാത്രങ്ങളാണ് എരിക്കുളത്തേത്. പരമ്പരാഗത രീതിയില്‍ ഇവിടെ ചുട്ടെടുക്കുന്ന പാത്രങ്ങളുടെ ഉറപ്പ് ഒന്നുവേറെ തന്നെയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മണ്‍കലങ്ങളെക്കാള്‍ എരിക്കുളം കലത്തിന് വന്‍ ഡിമാന്റുണ്ട്. എരിക്കുളം എന്ന പേരില്‍ ഒരു ബ്രാന്റ് നിര്‍മിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മണ്‍പാത്ര നിര്‍മാണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്്് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെങ്കിലും ഇതും ലക്ഷ്യം കണ്ടില്ല.
Next Story

RELATED STORIES

Share it