എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി

തിരുവനന്തപുരം: കേരളത്തെ പരിഗണിക്കാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍. എയിംസ് അനുവദിച്ചുകിട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. എയിംസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം നിര്‍ദ്ദിഷ്ട സമയത്തിനകം ചെയ്തിട്ടുണ്ട്. കേന്ദ്ര ബജറ്റിനു മുമ്പ് മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും പലവട്ടം പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പാണ് അപ്പോഴെല്ലാം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം കേരളം കണ്ടെത്തിയ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ ഉടനെ അയക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിട്ടുളളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരിയിലും കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചും എറണാകുളം എച്ച്.എം.ടിയോടു ചേര്‍ന്നും കോഴിക്കോട് കിനാലൂരിലും ഉള്ള സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദ്ദേശിച്ചത്.  ആവശ്യമായ വിവരങ്ങളെല്ലാം 2014 ഡിസംബറില്‍ത്തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നുമുണ്ടാവാത്തത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it