kozhikode local

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് : തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി



കോഴിക്കോട്: എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് നടത്തുന്ന മാവൂര്‍ റോഡിലെ എയിംഫില്‍ ഇന്റര്‍നാഷനല്‍ സ്ഥാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി. എയര്‍പോര്‍ട്ട് ആന്റ് എയര്‍ലൈന്‍സ് മാനേജ്‌മെന്റ് കോഴ്‌സിനു ചേര്‍ന്നു തട്ടിപ്പിനിരയായ വിദ്യാര്‍ഥികളാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.   നാലു ലക്ഷം രൂപവരെ ഫീസ് നല്‍കി കോഴ്‌സില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കു കോഴ്‌സ് കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ഭാരതീയാര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ മൂന്നു വര്‍ഷ കാലയളവുള്ള കോഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്ഥാപനത്തിനെതിരെ നേരത്തെയും ആരോപണമുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. വിദ്യാര്‍ഥികളായ സി പി ആതിര, കീര്‍ത്തിമവിജയന്‍, ഷിറ്റിഷ, ആതിര എന്നിവരാണ് എയിംഫിലിന് സമീപം നിരാഹാരസമരം നടത്തുന്നത്. അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തിയ സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കുക, കോഴ്‌സ് തുടങ്ങുമ്പോള്‍ വാങ്ങിവച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ച് നല്‍കുക, സ്ഥാപനത്തില്‍ നിന്ന് നഷ്ടപരിഹാര തുക ലഭ്യമാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടു. 16 വിദ്യാര്‍ഥികളാണ് തട്ടിപ്പിനിരയായത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരപന്തലിലെത്തി.
Next Story

RELATED STORIES

Share it