എയര്‍പോര്‍ട്ട് ടാക്‌സ് വര്‍ധന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടി

കരിപ്പൂര്‍: വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് ചാര്‍ജെന്ന പേരിലുള്ള നിരക്ക് വര്‍ധന ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയാവും. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാനത്താവള നികുതി നിരക്കുകളിലാണ് മൂന്നിരട്ടി വര്‍ധന വരുത്തിയത്.
ഹജ്ജ്് വിമാന നിരക്കിനൊപ്പം എയര്‍പോര്‍ട്ട് നിരക്കു കൂടി നല്‍കേണ്ടി വരുന്നതോടെ തീര്‍ത്ഥാടകന് കൈപൊള്ളുന്ന അവസ്ഥയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 14,571 രൂപയാണ് ഈവര്‍ഷം ഓരോ തീര്‍ത്ഥാടകനില്‍ നിന്നും എയര്‍പോര്‍ട്ട് ടാക്‌സ് എന്ന പേരില്‍ ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് വെറും 4239 രൂപമാത്രമായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം 3700 രൂപയായിരുന്നു. 2015ല്‍ 2919 രൂപയും 2014ല്‍ കോഴിക്കോട്ട് നിന്ന് 3716 രൂപയും മാത്രമായിരുന്നു നിരക്ക്. ജിഎസ്ടി അടക്കമുള്ള നിരക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ എയര്‍പോര്‍ട്ട് ടാക്‌സ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ ഈവര്‍ഷം 12,000ലേറെ പേര്‍ക്കാണ് ഹജ്ജിന് അവസരം. ഇതിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണവും കൂടും.
ഓരോരുത്തരില്‍ നിന്നും 14,571 രൂപ ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് എയര്‍പോര്‍ട്ടുകളുടെ വരുമാനത്തിലെത്തുക. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും എയര്‍പോര്‍ട്ട് ടാക്‌സ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറവ് ടാക്‌സുള്ളത് അഹ്മദാബാദില്‍ 13552 രൂപയാണ് ഓരോ തീര്‍ത്ഥാടകനും നല്‍കേണ്ടത്. ദില്ലി (13867), മുംബൈ (14025), നാഗ്പൂര്‍ (14767) എന്നിങ്ങിനെയാണ്. ഗുവാഹത്തി, ശ്രീനഗര്‍ എന്നിവടങ്ങളിലാണ് ഏറ്റവും കൂടിയ വിമാനത്താവള നിരക്ക് നല്‍കേണ്ടിവരിക. ഗുവാഹത്തിയില്‍ 20900 രൂപയും ശ്രീനഗറില്‍  20,064 രൂപയും നല്‍കണം.
Next Story

RELATED STORIES

Share it