Flash News

എന്‍ഡിടിവി വാങ്ങാന്‍ ബാബാ രാംദേവിന്റെ നീക്കം

എന്‍ഡിടിവി വാങ്ങാന്‍ ബാബാ രാംദേവിന്റെ നീക്കം
X


ദില്ലി: എന്‍ഡിടിവി വാര്‍ത്താ ചാനല്‍ നെറ്റ്‌വര്‍ക്ക് വാങ്ങാന്‍ യോഗ ഗുരുവും സംഘപരിവാര അനുകൂല വ്യവസായിയുമായ ബാബാ രാംദേവ് നീക്കം നടത്തുന്നതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച് ചാനലിന്റെ ചില ഓഹരി ഉടമകളുമായി ബാബ രാംദേവ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി മാധ്യമരംഗത്തെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന എക്‌സ്‌ചേഞ്ച്4മീഡിയ.കോം റിപോര്‍ട്ടു ചെയ്യുന്നു. ഓഹരി ഉടമകള്‍ തങ്ങളുടെ ചാനല്‍ വില്‍ക്കാനാണ് താല്‍പര്യപ്പെടുന്നതെന്നറിയിച്ചതായും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്നലെ എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും അവരുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഐസിഐസിഐ ബാങ്കിനു നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെയാണ് ബാബാ രാംദേവിന്റെ ശ്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എന്‍ഡിടിവി നിലവില്‍ ഓണ്‍ലൈനില്‍ നിന്നുള്ള വരുമാനത്തിലാണ് പിടിച്ചുനില്‍ക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.സംഘപരിവാരത്തിനെതിരായ നിലപാടുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ എന്‍ഡിടിവി ചാനലിനെതിരേ നേരത്തെയും കേന്ദ്രസര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നു. പത്താന്‍കോട്ട് ആകമണവുമായി ബന്ധപ്പെട്ട റിപോര്‍ട്ടിന്റെ പേരില്‍ എന്‍ഡിടിവി ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രേക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it