ernakulam local

എട്ട് മീറ്റര്‍ പൊതുതോട് കൈയേറി ഒന്നര മീറ്ററാക്കി



വൈപ്പിന്‍: മുരുക്കുംപാടം-യൂനിവേഴ്‌സിറ്റി ബീച്ച് റോഡില്‍ പാലത്തിനടുത്ത് സൗത്ത് പുതുവൈപ്പില്‍ എട്ടു മീറ്റര്‍ പൊതുതോട് കൈയേറി ഒന്നരമീറ്ററായി ചുരുക്കി. ആര്‍എംപി തോടിന്റെ കൈവഴിയായ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗത്താണ് അനധികൃതമായി തോട് നികത്തിയിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് തോട് കൈയേറാന്‍ നടന്ന ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. നേരത്തെ എട്ടു മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് നികന്ന് അഞ്ചായി കുറഞ്ഞിരുന്നു. അതാണ് കൈയേറി ഒന്നര മീറ്ററാക്കി ചുരുക്കിയിരിക്കുന്നത്. കരിങ്കല്ല് പാകി തെങ്ങിന്‍ കുറ്റിയും പാഴ് വസ്തുക്കളും ഇട്ടാണ് നികത്തല്‍. ഇതോടെ ലൈറ്റ്ഹൗസ് വരെയുള്ള തോടിലെ മാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങി.  എളങ്കുന്നപ്പുഴ പഞ്ചായത്ത് 16-ാം വാര്‍ഡും 18-ാം വാര്‍ഡും സന്ധിക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ നികത്തല്‍ വെള്ളക്കെട്ടിലാക്കും. ഈ ഭാഗത്തെ തോടുകള്‍ മുറ്റു ചിലരും കൈയേറിയിട്ടുണ്ട്. നികത്തല്‍ കാര്യം 16-ാം വാര്‍ഡ് പഞ്ചായത്തംഗത്തെ വിളിച്ചറിയിച്ചപ്പോള്‍ അവിടെ പാലം ഇടാന്‍ വേണ്ടിയാണത് ചെയ്യുന്നതെന്നും അതിന് അംഗീകാരമുണ്ടെന്നുമാണ്. ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ തീരുമാനമില്ലെന്നും പറയുന്നു. പൊതുതോട് നികത്തല്‍ സംബന്ധിച്ച് സൗത്ത് പുതുവൈപ്പ് വനിതാ ജാഗ്രതാ സമിതി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റം അടിയന്തരമായി നിര്‍ത്തണമെന്നും തോട് പഴയപടി ആക്കണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it