Idukki local

എട്ടു സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

നെടുങ്കണ്ടം: തൂക്കുപാലം മേഖലയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. എട്ടു സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. രണ്ട് സ്ഥാപനങ്ങള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.
മേഖലയിലെ ഹോട്ടലുകളിലും മത്സ്യ- മാംസ വ്യാപാര സ്ഥാപനങ്ങളിലുമായി ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രണ്ടിന് അവസാനിച്ചു. രാത്രികാലത്ത് തൂക്കുപാലം ആറ്റിലേക്ക് മാലിന്യമൊഴുക്കുവരെ പിടികൂടുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനാണ് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നീക്കം. വിഷവാതകം ചോര്‍ന്ന തൂക്കുപാലം ചന്തയിലെ ബയോഗ്യാസ് പ്ലാന്റിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. വിഷവാതകം പ്രവഹിച്ചതിനെ തുടര്‍ന്ന് ബയോഗ്യാസ് പ്ലാന്റ് ശുചികരിച്ചത് ആരോഗ്യവകുപ്പാണ്.
പ്ലാന്റിനുള്ളില്‍ അനിയന്ത്രിതമായി അറവുശാലയില്‍ നിന്നുള്ള അവശിഷ്ടം നിക്ഷേപിച്ചതാണ് വിഷവാതക ചോര്‍ച്ചയ്ക്കു കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് പഞ്ചായത്തും രഹസ്യന്വേഷണ വിഭാഗങ്ങളും അന്വേഷണം നടത്തിവരുകയാണ്. തൂക്കുപാലത്തിനു പുറത്തുനിന്നും ലോറിയിലെത്തിച്ച അറവുശാല മാലിന്യം  രാത്രിയില്‍ പ്ലാന്റില്‍ നിക്ഷേപിച്ചെന്നാണ് പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്ന വിവരം. മാലിന്യം കുന്നുകൂടി തുടങ്ങിയതോടെയാണ് സ്ഥലത്ത് ആരോഗ്യവകുപ്പ് പരിശോധനയ്‌ക്കെത്തിയത്. തൂക്കുപാലത്ത് മാലിന്യം കുന്നുകൂടിയതോടെ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ മാലിന്യം നിക്ഷേപിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആരോഗ്യവകുപ്പിനു ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it