Idukki local

എട്ടുപേര്‍ മരിച്ച അന്തീനാട്ട് ലോറി അപകടത്തിന് 50 വയസ്സ്; നടുക്കുന്ന ഓര്‍മകളുമായി തമ്പിക്കണ്ണ്

തൊടുപുഴ: ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പടെ എട്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അന്തീനാട്ട് ലോറി അപകടത്തിന് ഇന്ന് 50 വയസ്.ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഓര്‍മകളിലാണ് 79ാം വയസിലും അന്തീനാട്ട് തമ്പിക്കണ്ണ്.1966 ജനുവരി 24നാണ് തൊടുപുഴ-ഇടുക്കി റോഡിലെ കുരുതിക്കളത്ത് നാടിനെ നടുക്കിയ ലോറി അപകടമുണ്ടായത്.
തൊടുപുഴ ടൗണിലെ പലചരക്ക് ഹോള്‍സെയില്‍ വ്യാപാര സ്ഥാപനമായിരുന്ന അന്തീനാട്ട് ട്രേഡേഴ്‌സിന്റെ ലെയ്‌ലാന്റ് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇടുക്കിയില്‍ നിന്നും തടി ലോഡുമായി തൊടുപുഴയ്ക്ക് വരുമ്പോള്‍ കുരുതിക്കളത്തു ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേയ്ക്ക് പതിച്ചാണ് അപകടം.
16 പേരാണ് ലോറിയിലുണ്ടായിരുന്നത്, എട്ട് പേര്‍ ക്യാബിനിലുള്ളിലും എട്ടു പേര്‍ തടിലോഡിന് മുകളിലും. ക്യാബിനിലുള്ളിലിരുന്ന 8 പേരും മരിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അന്തീനാട്ട് തമ്പിക്കണ്ണ്. തൊടുപുഴ ടൗണില്‍ ഇടുക്കി റോഡില്‍ ജോസ്‌കോ ജൂവല്ലറിക്ക് എതിര്‍വശം താമസിച്ച് കച്ചവടം നടത്തുകയാണ് ഇദ്ദേഹം.
വാഹന ഉടമ അന്തീനാട്ട് ഇബ്രാഹീം റാവുത്തറുടെ മകന്‍ മുഹമ്മദ്, മകളുടെ ഭര്‍ത്താവ് കലയന്താനി കൊന്താലപള്ളി കുന്നുംപുറം വീട്ടില്‍ ഫക്രുദ്ദീന്‍, അന്തീനാട്ട് പരീതിന്റെ മകന്‍ കരീം (ആലക്കോടന്‍ തമ്പി), മാമ്മൂട്ടില്‍ കുട്ടിയുടെ മകന്‍ സുലൈമാന്‍(കോഴിക്കാടന്‍ തമ്പി), കുഴികണ്ടത്തില്‍ ഹസന്‍കുട്ടിയുടെ മകന്‍ മുഹമ്മദ്കണ്ണ് (വയറ്റാടന്‍ കുഞ്ഞ്), പീടികപ്പറമ്പില്‍ കനിയപ്പന്‍, മാറാട്ടിക്കുന്നേല്‍ എം എസ് സുലൈമാന്‍, അറയ്ക്കപ്പാറ സ്വദേശി കുട്ടപ്പന്‍ എന്നിവരാണ് മരിച്ചത്. എം എസ് സുലൈമാനായിരുന്നു ലോറി ഡ്രൈവര്‍.
ഒരു പെരുന്നാള്‍ പിറ്റേന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇടുക്കി കാണാന്‍ പോയതായിരുന്നുവെന്ന് തമ്പിക്കണ്ണ് ഓര്‍ക്കുന്നു. ഇടുക്കി ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലമായിരുന്നു അത്.
അപകടമുണ്ടായത് രാത്രി 10 മണിയോടെയായത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സംവിധാനമുണ്ടായിരുന്നില്ല.വൈദ്യുതി ബോര്‍ഡിന്റെ വാഹനത്തില്‍ ഏറെ വൈകിയാണ് പലരേയും ആശുപത്രിയില്‍ എത്തിക്കാനായത്.
ആറ് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. പലരുടേയും ശരീരം ഛിന്നഭിന്നമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ താന്‍ ഒരു മാസക്കാലത്തോളം ബോധരഹിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞതായി തമ്പിക്കണ്ണ് പറഞ്ഞു.
തൊടുപുഴയില്‍ അന്നുണ്ടായിരുന്ന രണ്ട് ലെയ്‌ലാന്റ് ലോറികളിലൊന്നായിരുന്നു അന്തീനാട്ട് ലോറി. മറ്റൊന്ന് പുളിമൂട്ടില്‍ ലോറിയായിരുന്നു. അപകടമുണ്ടായി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ് തമ്പിക്കണ്ണ് ഇന്നും ജീവിക്കുന്നത്.
Next Story

RELATED STORIES

Share it