Kollam Local

എടിഎം തട്ടിപ്പ് : പ്രതി പോലിസ് കസ്റ്റഡിയില്‍

കൊല്ലം:എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ അറിയാത്ത സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്‍ പോലിസ് പിടിയില്‍. തൃക്കരുവ കാഞ്ഞാവെളി കുന്നത്ത് മേലതില്‍ വീട്ടില്‍ നിന്നും പനയം എല്‍പി സ്‌ക്കൂളിന് സമീപം വിഷ്ണു ഭവനത്തില്‍ താമസിക്കുന്ന ഗിരീഷ്‌കുമാറി(32)നെയാണ് കൊല്ലം വെസ്റ്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ അറിയാത്ത സ്ത്രീകളെ സമീപിച്ച് രഹസ്യപിന്‍കോഡ് മനസ്സിലാക്കി അവര്‍ക്ക് പണം എടുത്തുകൊടുത്തശേഷം അവരറിയാതെ മറ്റൊരു എടിഎം കാര്‍ഡ് നല്‍കുകയും അവരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി എടിഎമ്മില്‍ നിന്നും ബാക്കിയുള്ള പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതി. രാമന്‍കുളങ്ങര എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ സംശയാസ്പദമായി കാണപ്പെട്ടയാളെ കൊല്ലം വെസ്റ്റ് പോലിസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്തതില്‍ നിന്നാണ് നിരവധി എടിഎം കൗണ്ടറുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായും നിരവധി സ്ത്രീകള്‍ തട്ടിപ്പിന് ഇരയായിട്ടുള്ളതും തെളിഞ്ഞത്. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കുണ്ടറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. പനയത്ത് നിന്നും ബൈക്കില്‍ ടൗണിലെത്തി സ്ത്രീകളും പ്രായമുള്ള ആളുകളും വരുന്ന സമയം നോക്കി എടിഎം കൗണ്ടറില്‍ കയറിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് നടത്തി എടുത്ത എടിഎം കാര്‍ഡ് ഉപയോഗിച്ച് തൊട്ടടുത്ത ഏതെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് അടുത്ത തട്ടിപ്പിന് ഇരയാകുന്ന ആളിന് പണം പിന്‍വലിച്ച എടിഎം കാര്‍ഡ് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസും ബാങ്ക് അധികൃതരും എടിഎമ്മില്‍ വരുന്നവരെ നിരീക്ഷിച്ചുവരികയായിരുന്നു. ബാങ്കിലെ എടിഎം കൗണ്ടറിലെ സിസി ടിവിയില്‍ നിന്നും പോലിസിന് ലഭിച്ച തട്ടിപ്പിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിവന്നിരുന്നത്. തട്ടിപ്പിന് ഇരയായ സ്ത്രീകളേയും മറ്റും പ്രതിയെ കാണിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

തട്ടിപ്പിന് ഇരയായിട്ടുള്ള പലരും ഇപ്പോഴും സ്റ്റേഷനില്‍ പരാതിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. കൊല്ലം എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് സിഐ ആര്‍ സുരേഷ്, കൊല്ലം വെസ്റ്റ് എസ്‌ഐ എന്‍ ഗിരീഷ്, എസ്‌ഐ വില്‍ഫ്രഡ്, സന്തോഷ്, സലിം, എസ്‌സിപിഒ ശ്രീകുമാര്‍, സിപിഒ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it