എടിഎം കവര്‍ച്ചപ്രതികള്‍ സംസ്ഥാനത്തിന് വെളിയിലെന്നു പോലിസ്‌

കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ സെക്കന്തരാബാദില്‍ എത്തിയതായി പോലിസിന് സൂചന ലഭിച്ചു. തൃശൂരില്‍ നിന്നു രക്ഷപ്പെട്ട ഏഴംഗസംഘം സെക്കന്തരാബാദില്‍ എത്തിയതായാണു വിവരം. സെക്കന്തരാബാദിലെ മാര്‍ക്കറ്റിലാണ് കവര്‍ച്ചാ സംഘാംഗങ്ങളടെ മുഖസാദൃശ്യമുള്ളവരെ കണ്ടത്. ഇവരുടെ ചിത്രങ്ങള്‍ സെക്കന്തരാബാദ് പോലിസ് സംസ്ഥാനത്തു നിന്നുള്ള അന്വേഷണസംഘത്തിനു കൈമാറി.
സെക്കന്തരാബാദ് പോലിസ് കൈമാറിയ ദൃശ്യങ്ങളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു ലഭിച്ചു. ഇവര്‍ ചാലക്കുടിയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിക്കുമെന്ന് എസിപി പി പി ഷംസ് പറഞ്ഞു. കളമശ്ശേരി, ഹില്‍പാലസ് എസ്‌ഐമാരുടെയും എറണാകുളം സൗത്ത് സിഐയുടെയും നേതൃത്വത്തില്‍ മൂന്നു് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക റിപോര്‍ട്ട് തയ്യാറാക്കിയ ശേഷമായിരിക്കും തുടര്‍ നടപടി. സംഘത്തിനു പ്രാഥമിക സഹായം ലഭിച്ചതായി സംശയമുണ്ടെങ്കിലും ഇതു സംബന്ധിച്ച സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസിപി പറഞ്ഞു. ഇരുമ്പനത്തു മോഷണം നടക്കുന്നതിനു മുമ്പ് ഇതിലേ കടന്നുപോയ വാഹനം മോഷ്ടാക്കള്‍ക്കു വിവരം നല്‍കാനെത്തിയതല്ല. ഇത് ഒരു കാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എടിഎം കവര്‍ച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പോലിസ് വീണ്ടും പരിശോധന നടത്തും. കവര്‍ച്ചക്കാര്‍ വാഹനം മോഷ്ടിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടുമെത്തുക. മോഷ്ടക്കള്‍ എങ്ങനെ കോട്ടയത്ത് എത്തി, വാഹനം തട്ടിയെടുക്കാന്‍ ആരെങ്കിലും സഹായിച്ചോ എന്നിവ പരിശോധിക്കാനാണിത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്തു പണം മോഷ്ടിച്ചത്. ഇരുമ്പനം എസ്ബിഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷവും കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് 10.6 ലക്ഷവുമാണ് കവര്‍ന്നത്. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളിലെയും എടിഎമ്മുകളില്‍ മോഷണശ്രമം നടന്നതായി വ്യക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it