എടപ്പാളിലെ ബാലികാ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തു വിട്ടു

എടപ്പാള്‍: എടപ്പാളിലെ ശാരദ സിനിമാ തിയേറ്ററി1ല്‍ 10 വയസ്സുകാരി ബാലിക ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമ സതീശനെ പോലിസ് അറസ്റ്റ് ചെയ്തു. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി വര്‍ഗീസാണ് ഇന്നലെ സതീശനെ ചോദ്യംചെയ്യുന്നതിനായി ചങ്ങരംകുളം പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണു സതീശനെ അറസ്റ്റ് ചെയ്തിരുന്നതെങ്കിലും പോലിസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വകുപ്പുകള്‍ മാറ്റിയെഴുതി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു സിനിമാ തിയേറ്ററില്‍ മാതാവിനൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന 10 വയസ്സുകാരിയെ തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടി (59) ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനദൃശ്യങ്ങള്‍ സിസി ടിവിയില്‍ കണ്ടതോടെ തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ മലപ്പുറം ചൈല്‍ഡ്‌ലൈന്‍ ദൃശ്യങ്ങള്‍ സഹിതമുള്ള പരാതി ചങ്ങരംകുളം പോലിസിന് കൈമാറിയിട്ടും 15 ദിവസത്തോളം പോലിസ് യാതൊരുവിധ അന്വേഷണത്തിനും തയ്യാറായില്ല. ഒടുവില്‍ വാര്‍ത്താ ചാനല്‍ പീഡനദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടതോടെയാണു പോലിസ് മൊയ്തീന്‍കുട്ടിയെയും പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെയും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളാതെ പോലിസ് കാലതാമസം വരുത്തിയെന്ന കുറ്റത്തിന് ചങ്ങരംകുളം എസ്‌ഐ കെ ജി ബേബി, ചങ്ങരംകുളം സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ഓഫിസര്‍ മധു എന്നിവര്‍ക്കെതിരേയും പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ തിയേറ്റര്‍ ഉടമ സതീശന്‍ ഈ പീഡന സംഭവം അറിഞ്ഞിട്ടും പോലിസില്‍ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നും ആരോപിച്ചായിരുന്നു ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it