എടത്തല സംഭവം കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടി വേണമെന്ന് ചെന്നിത്തല

ആലുവ: എടത്തലയില്‍ യുവാവിനെ മര്‍ദിച്ച പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരായവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിജിപിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇവരെ സംരക്ഷിക്കുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
എടത്തലയില്‍ പോലിസ് മര്‍ദനത്തിനിരയായ ഉസ്മാന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ക്രൂര മര്‍ദനത്തിന് ഇരയായ ഉസ്മാനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തപ്പോള്‍ റോഡിലും ലോക്കപ്പിലും ഇട്ട് മര്‍ദിച്ച് കവിളെല്ല് തല്ലിയൊടിക്കുകയും ചെയ്ത പോലിസുകാര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി ആലുവക്കാരെ മുഴുവന്‍ അപമാനിക്കുകയാണു ചെയ്തത്.
ആലുവ സ്വതന്ത്ര റിപബ്ലിക് ആണോ എന്നു ചോദിച്ചതിനു പിന്നിലെ ദുസ്സൂചന എന്തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആലുവക്കാരെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണം. നോമ്പുതുറക്കാന്‍ സാധനങ്ങള്‍ വാങ്ങി വരുന്നവഴിയിലാണ് പ്രവാസിയായ ഉസ്മാന്റെ ബൈക്കില്‍ പോലിസുകാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചത്. തുടര്‍ന്ന് നടന്ന സംഘട്ടനത്തിലും പോലിസ് സ്റ്റേഷനില്‍ നടന്ന ക്രൂരമായ ലോക്കപ്പ് മര്‍ദനവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടും പോലിസ് ഈ നടപടിയെ ന്യായീകരിക്കുകയാണ്. ഉസ്മാന്റെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുടുംബത്തിന് സാമ്പത്തികസഹായം നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ഉസ്മാനായിരുന്നു വീടിന്റെ ഏക ആശ്രയമെന്ന് മാതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞു. ചികില്‍സാ ചെലവ് സര്‍ക്കാരിനെ കൊണ്ട് വഹിപ്പിക്കാമെന്നും അല്ലെങ്കില്‍ എംഎല്‍എ നേരിട്ട് വഹിക്കുമെന്നും ചെന്നിത്തല ഉറപ്പുനല്‍കി. രാജഗിരി ആശുപത്രിയിലെത്തി പരിക്കേറ്റ ഉസ്മാനെയും കണ്ടിട്ടാണു ചെന്നിത്തല മടങ്ങിയത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി പി സജീന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it