kannur local

എടക്കാട്ട് പുഴയും കണ്ടലും വ്യാപകമായി മണ്ണിട്ടു നികത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഏഴര ഡിവിഷനില്‍പ്പെട്ട പ്രദേശത്ത് കണ്ടലും പുഴയും വ്യാപകമായി മണ്ണിട്ട് നികത്തുന്നു. കോര്‍പറേഷന്‍ അതിര്‍ത്തിയായ ആയാരകത്ത് പാലത്തിന് സമീപമാണ് ലോഡ് കണക്കിന് മണ്ണിറക്കി കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെ നശിപ്പിച്ച് പുഴ നികത്തുന്നത്.
നാടും നഗരവും കടുത്ത ജലക്ഷാമത്തില്‍ വലയുമ്പോഴാണ് നീരുറവകള്‍ നശിപ്പിക്കുന്ന പ്രവൃത്തി നിര്‍ബാധം തുടരുന്നത്. പരസ്യമായ നിയമലംഘനം കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍. പുഴയും കണ്ടലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പറയുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തും പഴയ എടക്കാട് പഞ്ചായത്തും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ആയാരകത്ത് പാലം. ഒറ്റനോട്ടത്തില്‍ കണ്ടല്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടില്ല. നേരത്തെ തന്നെ പഴയ എടക്കാട് പഞ്ചായത്തില്‍പ്പെട്ട നാണാറത്ത് പാലം, നടാല്‍ പാലം ഭാഗങ്ങളിലെ കണ്ടലും പുഴയുമൊക്കെ മണ്ണിട്ട് നശിപ്പിച്ചിരുന്നു.
ഇതിലൊന്നും അധികൃതര്‍ ഇടപെട്ടിരുന്നില്ല. ഇതാണ് പുഴ നശിപ്പിച്ച് കരപ്രദേശമാക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. ജലജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് കണ്ടല്‍. വേലിയേറ്റ സമയത്ത് വെള്ളക്കെട്ടില്‍നിന്ന് പ്രദേശത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത് കണ്ടലിന്റെ സാന്നിധ്യമാണ്. ഇവിടെനിന്ന് ഏറെ അകലെയല്ല കടല്‍ സ്ഥിതിചെയ്യുന്നത്. പുഴ ഘട്ടംഘട്ടമായി നികത്തുന്നതോടെ കടലേറ്റ വേളയില്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it