wayanad local

എടക്കല്‍ : ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തിയുള്ള പഠനം വേണമെന്ന്‌



സുല്‍ത്താന്‍ ബത്തേരി: എടക്കല്‍ ചിത്രങ്ങള്‍ക്ക് സൈന്ധവ ചിഹ്നങ്ങളുമായുള്ള സാമ്യം യാദൃശ്ചികമാണെന്നു പറയാനാവില്ലെന്നും ദ്രാവിഡ സ്ഥാനങ്ങളായ ദക്ഷിണേന്ത്യയിലെ എല്ലാ ചരിത്ര സംസ്‌കാരങ്ങളും ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തി സമഗ്രമായി പഠിക്കാന്‍ കഴിയണമെന്നും എടക്കല്‍ പൈതൃകത്തിന്റെ ബഹുസ്വരത ദേശീയസമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിച്ച പ്രഫ. എം ആര്‍ രാഘവവാര്യര്‍ അഭിപ്രായപ്പെട്ടു. ചിത്രങ്ങള്‍ ഒറ്റയായി വിലയിരുത്തുന്നതിനു പകരം പരസ്പരബന്ധിതമായി വിലയിരുത്തണം. എടക്കല്‍ ചിത്രങ്ങള്‍ ഹാരപ്പന്‍ ചിത്രങ്ങളുമായി ശൈലീപരമായി വ്യത്യസ്തമാണെങ്കിലും പ്രമേയപരമായി ഇവ തമ്മില്‍ സാമ്യമുണ്ട്. എടക്കല്‍ പല സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ്. ഇപ്പോഴുള്ള സന്നിഗ്ദതകള്‍ മാറ്റി എടക്കല്‍ പഠനത്തെ സൈന്ധാന്തികമായി സമീപിക്കാന്‍ കഴിയണം. ഒപ്പം മറ്റ് വൈജ്ഞാനിക മേഖലകള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണം.  എടക്കല്‍ ആവര്‍ത്തിക്കപ്പെടേണ്ട ചരിത്രപരമായ ഓര്‍മയാണ്. അക്കാദമിക് ചരിത്രരചനകളില്‍ ഇനിയും എടക്കലിന് സ്ഥാനം ലഭിച്ചിട്ടില്ല. ചരിത്രരചനയില്‍ അവലംബിക്കപ്പെടുന്ന രാഷ്ട്രീയമാണ് ഇതിനു കാരണമെന്ന് പ്രബന്ധം അവതരിപ്പിച്ച പ്രഫ. കെ എം ഭരതന്‍ പറഞ്ഞു. ഓര്‍മ രാഷ്ട്രീയ ആയുധമാണ്, പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം നേടിയെന്ന ചരിത്രത്തിന്റെ വക്താക്കളാണ് ഇതിനു പിന്നില്‍. വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയില്‍ കാഴ്ചവസ്തുവാക്കേണ്ട ഒന്നല്ല എടക്കല്‍ ഗുഹ. അത് മഹത്തായ മാനവിക പൈതൃകമാണ്. ഓരോ കാഴ്ചവസ്തുവിനെയും വ്യക്തിവല്‍ക്കരിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുമാണ് ടൂറിസം മേഖല ശ്രമിക്കുന്നത്. ടൂറിസം വ്യവസായം ഓണാഘോഷത്തെയും ഭക്ഷണശീലങ്ങളെയും ആദിവാസികളെയുമൊക്കെ പ്രലോഭനപ്പെടുത്തുമ്പോഴുണ്ടാവുന്ന അപചയമാണ് എടക്കലിന്റെ കാര്യത്തിലുണ്ടാവുന്നത്. ഗിരിവര്‍ഗ സമൂഹത്തില്‍ നിന്നു ജാതിസമൂഹത്തിലേക്ക് മാറുന്ന അന്തരാള ഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it