Flash News

എച്ച്1 എന്‍1 : ആശങ്ക വേണ്ട ; ജാഗ്രത വേണം



തിരുവനന്തപുരം: സാധാരണ പനിപോലും പകര്‍ച്ചപ്പനിയാവാന്‍ സാധ്യതയുണ്ടെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം വ്യക്തമാക്കി. പരിസര ശുചിത്വവും വ്യക്തിശുചിത്വവും വളരെ പ്രധാനമാണ്. പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. തുടക്കത്തിലേ ചികില്‍സിച്ചാല്‍ ഭേദമാവുന്നവയാണ് എല്ലാത്തരം പകര്‍ച്ചപ്പനികളും. മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. തുമ്മലിലൂടെയും ചുമയിലൂടെയും ഇതു പകരും. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനയുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രതയും വേണം. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1 എന്‍1 രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടുപോവുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരള്‍രോഗം, വൃക്കരോഗം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികില്‍സ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂള്‍, അങ്കണവാടി, ഉല്‍സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയ ശേഷം മാത്രമേ പോകാവൂവെന്നും കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it