ernakulam local

എച്ച്എംടി ജങ്ഷന്‍ വികസനം : പോളിടെക്‌നിക്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍



കളമശ്ശേരി: എച്ച്എംടി ജങ്ഷന്‍ വികസന പദ്ധതികളോട് നിഷേധാത്മക നിലപാട് സ്വീകരിച്ച പോളിടെക്‌നിക്ക് കോളജ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജനശ്രദ്ധ ക്ഷണിച്ചുള്ള സമരപരിപാടികള്‍ക്ക് എച്ച്എംടി ജങ്ഷന്‍ ഡവലപ്പ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപം നല്‍കി. എച്ച്എംടി ജങ്ഷന്‍ വികസന പദ്ധതികള്‍ക്കായി ഗവ. പോളിടെക്‌നിക്ക് കോളജിന്റെ സ്ഥലം നല്‍കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ മുഖാന്തിരം നടത്തിയ അന്വേഷണത്തോട് ഗവ. പോളിടെക്‌നിക് ഉദ്യോഗസ്ഥര്‍ വിമുഖത പ്രകടിപ്പിച്ചിരിക്കുകയാണെന്ന് അക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. അതേസമയം വഴിമുട്ടി നില്‍ക്കുന്ന എച്ച്എംടി ജങ്ഷന്റെ സമ്പൂര്‍ണ വികസനത്തിനായി വിശദ റിപോര്‍ട്ട് തയ്യാറാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എച്ച്എംടി ജങ്ഷന്‍ ഡവലപ്പ്‌മെന്റ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രാഥമിക നടപടിയായി എച്ച്എംടി ജങ്ഷനിലൂടെ കടന്നുപോവുന്ന പഴയ ദേശീയപാതയുടെ വീതി കുട്ടുന്നതിനു വേണ്ടി മണ്ണ് പരിശോധന നടത്തുവാനുള്ള ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വിവിധ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളാണ് ആക്ഷന്‍ കൗണ്‍സില്‍ നിവേദനത്തിലുടെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ എം നന്ദകുമാര്‍, എം ടി ശിവന്‍, കമാല്‍ പള്ളത്ത്, രഞ്ജു പോള്‍, ബൈഷി ഗോപിനാഥ്, സിറാജ് ചേനക്കാല പങ്കെടുത്തു.
Next Story

RELATED STORIES

Share it