Flash News

എഎഫ്‌സി കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യക്ക് ഒറ്റഗോള്‍ ജയം ; വിജയ ഗോള്‍ സുനില്‍ ഛേത്രിയുടേത് ; ഏഴാം തുടര്‍ജയം



ബംഗളൂരു: കിര്‍ഗിസ്താനെതിരേ മല്‍സരത്തിന് തയ്യാറെടുക്കവെ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു: 'സുനില്‍ ഛേത്രിയെന്ന പകരം വയ്ക്കാനില്ലാത്ത കാല്‍പന്ത് മിടുക്കാണ് ഇന്ത്യയുടെ കരുത്ത്. മുന്നേറ്റനിരയില്‍ ആ ഒറ്റയാന്‍ തിളങ്ങിയാല്‍ ഇന്ത്യ ഈ മല്‍സരത്തില്‍ തോല്‍ക്കില്ല'... അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാലം സാക്ഷി പറഞ്ഞു. ബംഗളൂരുവിലെ കണ്ഡീരവ  സ്‌റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയെന്ന അഞ്ചരയടി താരത്തിന്റെ ഒറ്റ ഗോളില്‍ ഇന്ത്യ ജേതാക്കളായി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്ക് വെല്ലുവിളിയായിരുന്ന കിര്‍ഗിസ്താന്‍ അതോടെ ഒരു എതിരാളിയേ അല്ലാതായി. ഇന്നലെ രാത്രി 8 മണിക്ക് നടന്ന ഇന്ത്യ- കിര്‍ഗിസ്താന്‍ പോരാട്ടത്തില്‍ 69ാം മിനിറ്റിലായിരുന്നു സുനില്‍ ഛേത്രിയുടെ വിജയഗോള്‍. അതുവരെ ഗോള്‍ വരള്‍ച്ച നേരിട്ട മല്‍സരത്തില്‍ ഛേത്രി ഗതി നിര്‍ണയിച്ചതോടെ ജയം നീലപ്പടയ്‌ക്കൊപ്പം നിന്നു. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാം ജയമാണ് ഇന്ത്യയുടേത്. നേരത്തെ, എവേ മല്‍സരത്തില്‍ മ്യാന്‍മറിനെ പരാജയപ്പെടുത്തിയതും സുനില്‍ ഛേത്രിയുടെ ഗോളായിരുന്നു. തുടര്‍ച്ചയായി ഏഴ് മല്‍സരങ്ങളില്‍ ജയം കണ്ട ഇന്ത്യ, കഴിഞ്ഞ ഒരു വര്‍ഷമായി പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ല. ആദ്യ മിനിറ്റുകളില്‍ മുന്നേറ്റത്തില്‍ സുനില്‍ ഛേത്രിക്കൊപ്പം ജെജെ ലാല്‍പെഖുലുവും തിളങ്ങിയെങ്കിലും എതിരാളികളുടെ വല വരെ പന്ത് എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.  അതേസമയം, 15ാം മിനിറ്റില്‍ സന്ദര്‍ശകരുടെ ഗോള്‍ ശ്രമം സേവ് ചെയ്ത് കൊണ്ട് ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് രക്ഷകനായി. 23, 26, 36 മിനിറ്റുകളില്‍ ചാന്‍സ് ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യക്കും തൊട്ടുപിന്നാലെ കിര്‍ഗിസ്്താനും അവസരം ലഭിച്ചു. ഇടയ്ക്ക് ഒരു കോര്‍ണറും എതിരാളികള്‍ക്ക് ലഭിച്ച ചാന്‍സും കളിയുടെ ഗതി നിര്‍ണയിക്കുമെന്ന് കരുതിയെങ്കിലും 69ാം മിനിറ്റിലാണ് അത് സംഭവിച്ചത്. മൂന്ന് എതിരാളികളെ മറികടന്ന് ജെജെയ്ക്ക് ഒപ്പം മുന്നേറിയ ഛേത്രി, കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്നും ഇന്ത്യക്ക് തന്നെയായിരുന്നു അവസരങ്ങള്‍. ഇഞ്ച്വറി ടൈമില്‍ രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ കിര്‍ഗ് റിപബ്ലിക് മടങ്ങി.
Next Story

RELATED STORIES

Share it