Flash News

എംജിയിലെ സിലബസ് പരിഷ്‌കരണം : രാജിക്കൊരുങ്ങി കൂടുതല്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍



കോട്ടയം: എംജി സര്‍വകലാശാലയിലെ ബികോം സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് കൊമേഴ്‌സ് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും അംഗങ്ങളും രാജിവച്ചതിന് പിന്നാലെ മറ്റു വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസും കൂട്ടരാജിക്കൊരുങ്ങുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ച സിലബസ് പരിഷ്‌കരിക്കാന്‍ ഉത്തരവാദിത്തമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് അറിയാതെ ഡിഗ്രി സിലബസ് പരിഷ്‌കരിച്ചതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ ബോര്‍ഡ് ചെയര്‍മാന്‍മാരും അംഗങ്ങളും രാജിവയ്ക്കുന്നതെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിസിടിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എംജിയില്‍ വിവിധ വിഷയങ്ങള്‍ക്ക് 46 ബോര്‍ഡ് ഓഫ് സ്റ്റഡീസാണുള്ളത്. ഇതില്‍ 30 ശതമാനം അംഗങ്ങളും രാജിവച്ചിട്ടുണ്ട്. ബാക്കി സര്‍വകലാശാലയിലെ മുഴുവന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍മാരും അംഗങ്ങളും ഈമാസം 30ന് മുമ്പ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. ബോര്‍ഡ് ഓഫ് സ്റ്റഡീസും ഫാക്കല്‍റ്റിയും ചേര്‍ന്നാണ് പുതിയ സിലബസുണ്ടാക്കിയതെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍, പുതിയ സിലബസുമായി ബോര്‍ഡ് ഓഫ് സ്റ്റഡീസിന് യാതൊരു ബന്ധമോ ഉത്തരവാദിത്തമോ ഇല്ലെന്ന് കെപിസിടിഎ വ്യക്തമാക്കി. വിവിധ സെമിനാറുകളും പ്രഗല്‍ഭരായ അധ്യാപകരുടെ നിര്‍ദേശങ്ങളും സ്വീകരിച്ചാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് 2016ല്‍ സിലബസ് പരിഷ്‌കരിച്ചത്. ഒരുകോടി ചെലവില്‍ തയ്യാറാക്കിയ സിലബസിന് വൈസ് ചാന്‍സലര്‍ അംഗീകാരവും നല്‍കി. ഇന്ത്യയിലെയും വിദേശത്തെയും വിവിധ യൂനിവേഴ്‌സിറ്റികള്‍ സിലബസിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2016ല്‍ അധികാരത്തിലെത്തിയ ഇടത് സിന്‍ഡിക്കേറ്റ് ഈ സിലബസ് അട്ടിമറിച്ചു. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിയമിച്ച ബോര്‍ഡ് ഓഫ് ഫാക്കല്‍റ്റികള്‍ നിലവില്‍വരുകയും മൂന്നുമാസംകൊണ്ട് പുതിയ ഡിഗ്രി സിലബസുണ്ടാക്കുകയും ചെയ്തു. ഇതിപ്പോള്‍ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വിവാദമായ സവര്‍ക്കറുടെ ആര്‍എസ്എസ് പ്രത്യയശാസ്ത്രം, ഇടത് അധ്യാപകരുടെ പുസ്തകങ്ങള്‍, മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തുടങ്ങിയവ പുതിയ സിലബസിന്റെ പല ഭാഗങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റു യൂനിവേഴ്‌സിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവാരമില്ലാത്തതും മല്‍സരപ്പരീക്ഷകളില്‍ കുട്ടികള്‍ പിന്നാക്കംപോവുന്നതിന് കാരണമാവുന്നതുമാണ് പുതിയ സിലബസ്. നേരത്തേ തയ്യാറാക്കിയ സിലബസ് അട്ടിമറിച്ചപ്പോള്‍തന്നെ വിസിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുകയും യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, യാതൊരു പരിഹാരവുമുണ്ടായില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കെപിസിടിഎ സംസ്ഥാന സെക്രട്ടറി പ്രഫ. പി ജെ തോമസ്, റീജ്യനല്‍ പ്രസിഡന്റ് ഡോ. ജിജി, റീജ്യനല്‍ സെക്രട്ടറി ഡോ. കെ എം ബെന്നി, റീജ്യനല്‍ ലെയ്‌സണ്‍ ഓഫിസര്‍ ഡോ. ടി ജോര്‍ജ് ജെയിംസ്, ജില്ലാപ്രസിഡന്റ് പ്രഫ. റോണി ജോര്‍ജ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ പ്രതിനിധി ഡോ. എ യു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it