Pravasi

ഊര്‍ജ, വ്യവസായ മേഖലയിലെ സ്വദേശികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചു



ദോഹ: കഴിഞ്ഞ പതിനാറുവര്‍ഷത്തിനിടെ ഊര്‍ജ, വ്യവസായമേഖലയില്‍ തൊഴില്‍ ലഭിച്ച ഖത്തരികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി ഊര്‍ജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍സാദ. 2900ല്‍ നിന്നും 9300 ആയാണ് ഈ മേഖലയില്‍ ഖത്തരി തൊഴില്‍ശക്തി വര്‍ധിച്ചത്. 17ാമത് വാര്‍ഷിക സ്വദേശിവല്‍ക്കരണ വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സ്വദേശിവല്‍ക്കരണത്തില്‍ മികച്ച നേട്ടം കൈവരിച്ച കമ്പനികള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ഖത്തര്‍ പെട്രോളിയം സിഇഒ  സഅദ് ഷെരിദ അല്‍കഅബി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിവരുന്ന 36 കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. സ്വദേശിവല്‍ക്കരണ പദ്ധതി പതിനെട്ട് കമ്പനികളില്‍ നിന്നും 36 കമ്പനികളിലേക്കായി ഉയര്‍ന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജ, വ്യവസായ മേഖലയില്‍ സ്വദേശിവല്‍ക്കരണം 29 ശതമാനമായിട്ടുണ്ട്. 50 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it