thrissur local

ഉല്ലാസ ജലയാത്രയ്ക്കായി ആരംഭിച്ച മാള സൗഹൃദ തീരം കാടുകയറി നശിക്കുന്നു

മാള: ഉല്ലാസ ജലയാത്രക്കായി മാള ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മാള ചാലിന്റെ തീരത്ത് ഏതാനും വര്‍ഷം മുന്‍പ് ആരംഭിച്ച സൗഹൃദതീരം കാട് കയറി നശിക്കുന്നു. ഫൈബര്‍ ബോട്ടുകള്‍ കരയില്‍ കയറ്റി കമിഴ്ത്തി വെച്ചിരിക്കുകയാണ്.
ബോട്ട് ഇറക്കുന്ന തീരം  കുളവാഴകള്‍ നിറഞ്ഞ് കിടക്കുകയാണ്. ഭക്ഷണ ശാലക്കായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ച് നീക്കിയ നിലയിലാണ്. ഏതാനും മാസം മുന്‍പാണ്  സൗഹൃദതീരം പൂര്‍ണ്ണമായും അടച്ചുപൂട്ടിയത്.
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് പട്ടികജാതി വികസന ഫണ്ടും ജനറല്‍ ഫണ്ടുമുപയോഗിച്ചാണ് ഉല്ലാസ ജലയാത്രക്കായി മാള ചാലിന്റെ തീരത്ത് സൗഹൃദ തീരവും ബോട്ട് സര്‍വ്വീസും ആരംഭിച്ചത്. സൗഹൃദതീരത്തുള്ള ഭക്ഷണശാല നടത്തുന്നതിനായി ലേലത്തി ല്‍ എടുത്തവര്‍ തന്നെയാണ് ബോട്ട് സര്‍വ്വീസും നടത്തിയിരുന്നത്. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സഞ്ചരിക്കാവുന്ന പെഡല്‍ ഫൈബര്‍ ബോട്ടില്‍ മാള ചാലില്‍ ഉല്ലാസ ജലയാത്രക്കായി നിരവധി ആളുകള്‍ ദിനേന എത്തിയിരുന്നു.
അന്‍പത് രൂപ യാണ് ഒരു മണിക്കൂര്‍ ബോട്ട് യാത്രക്ക് വാടക ഈടാക്കിയിരുന്നത്. ഒഴിവ് ദിനങ്ങളിലും വൈകുന്നേരങ്ങളിലും കുടുംബസമേതം വിനോദ ജലയാത്രക്കുള്ള സൗകര്യമാണ് സൗഹൃദതീരം അടച്ചതോടെ ഇല്ലാതായിരിക്കുന്നത്.
മേഖലയില്‍ തന്നെ ഇത്തരത്തില്‍ ഉല്ലാസത്തിനായി മറ്റൊരു സംവിധാനവും ഇല്ലായെന്നിരിക്കേയാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഒരുക്കിയ സൗഹൃദതീരം കുറ്റകരമായ അനാസ്ഥ മൂലം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുന്നത്. കൃത്യമായ പരിപാലന സംവിധാനം ഇല്ലെങ്കില്‍ ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് ഒരുക്കിയ പെഡല്‍ ബോട്ടുകള്‍ ഉപയോഗശൂന്യമാകുമെന്ന ആശങ്കയും വ്യാപകമായുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ജനറല്‍ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയും ഉപയോഗിച്ച് ആരംഭിച്ച സൗഹൃദ തീരത്ത് ഭക്ഷണശാലയും ഫൈബര്‍ ബോട്ട് സര്‍വ്വീസുമാണ് പ്രധാനമായും നടന്നിരുന്നത്.
ഓരോവര്‍ഷവും ലേലം നടത്തിയാണ് നടത്തിപ്പുകാരെ കണ്ടെത്തിയിരുന്നത്. നടത്തിപ്പുകാര്‍ ഗ്രാമപഞ്ചായത്തിന് മാസംതോറും ലേല സംഖ്യ തവണകളായി നല്‍കുകയാണ് ചെയ്തിരുന്നത്. മാസംതോറും 7500 രൂപയാണ് നടത്തിപ്പുകാര്‍ നല്‍കേണ്ടിയിരുന്നത്. അവസാനം സൗഹൃദ തീരം നടത്തിയവര്‍ ലേല സംഖ്യ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സൗഹൃദതീരം നടത്തിപ്പ് ലാഭകരമല്ലാത്തതിനാലാണ് അടച്ചതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതും തികഞ്ഞ അനാസ്ഥയായാണ് ജനം വിലയിരുത്തുന്നത്. സുരക്ഷാ സംവിധാനത്തിന്റെ അഭാവത്താല്‍ ഒരിക്കല്‍ ബോട്ടുയാത്രക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതും കൂടിയായപ്പോള്‍ നടത്തിപ്പുകാര്‍ക്ക് ലാഭകരമായിരുന്നില്ലെന്നും പറയപ്പെട്ടിരുന്നു. പുനഃര്‍ലേലത്തിനുള്ള നടപടികള്‍ ലഘൂകരിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സൗഹൃദതീരം നിലനിര്‍ത്താനുള്ള ആത്മാര്‍ഥത പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന വിമര്‍ശനവുമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it