Second edit

ഉറക്കം വരാത്ത രാത്രി

സ്ഥലം മാറിക്കിടന്നാല്‍ ഉറക്കം വരാതിരിക്കുന്നവര്‍ ഏറെയാണ്. ധാരാളം യാത്രചെയ്യുന്നവര്‍ ഹോട്ടലില്‍ നേരത്തേ താമസിച്ചിരുന്ന മുറി തന്നെ വേണമെന്നു പറയുന്നത് ഇതുകൊണ്ടായിരിക്കും. ആദ്യരാത്രിയുടെ പ്രശ്‌നം എന്നാണിതിനെ മനശ്ശാസ്ത്ര വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. എന്താണ് ഇതിനു കാരണമെന്ന് അമേരിക്കയില്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഒരു ഗവേഷകസംഘം അന്വേഷിച്ചിരുന്നു. പക്ഷികളും ഡോള്‍ഫിന്‍ പോലുള്ള ജീവികളും ഉറങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഉണര്‍ന്നിരിക്കാറുണ്ട്. ശത്രുക്കള്‍ വരുന്നുണ്ടോ എന്നു നോക്കാനാണിത്. മനുഷ്യര്‍ക്ക് ഉറക്കം വരാതിരിക്കുന്നത് അതുപോലുള്ള കാരണംകൊണ്ടായിരിക്കുമോ എന്നാണവര്‍ പരിശോധിച്ചത്. ആരോഗ്യമുള്ള 35 യുവതീയുവാക്കളെയാണ് തങ്ങളുടെ പരീക്ഷണത്തിന് അവര്‍ തിരഞ്ഞെടുത്തത്. രണ്ടു ദിവസം പുതിയ സ്ഥലത്ത് ഉറങ്ങാന്‍ നിര്‍ദേശിച്ചശേഷം അവരുടെ മസ്തിഷ്‌കം, കണ്ണ്, ഹൃദയം എന്നിവ അവര്‍ പരിശോധിച്ചു. ആദ്യദിവസം മിക്കവര്‍ക്കും ഉറക്കം ശരിയായില്ല. അപ്പോള്‍ അവരുടെ മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം വിശ്രമിക്കുന്നുണ്ടായിരുന്നില്ല. അപരിചിതമായ ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ ഉണരുകയും ചെയ്തു. ഒരു രാത്രി കാവല്‍ക്കാരനെപ്പോലെ തലച്ചോറ് പെരുമാറുന്നതുകൊണ്ടാണ് ഇതെന്നു ഗവേഷകര്‍ കരുതുന്നു. അതേ ശയ്യയില്‍ തന്നെ രണ്ടാം രാത്രി കിടക്കുമ്പോള്‍ സുഖനിദ്ര ലഭിക്കുന്നത് ശത്രുക്കളൊന്നും ചുറ്റുവട്ടത്തില്ല എന്നു തലച്ചോറ് തീരുമാനിക്കുന്നതുകൊണ്ടാണ്. ജനിതകപരമായി കൈമാറിവന്ന പഴയൊരു ശീലമാണത്.
Next Story

RELATED STORIES

Share it