palakkad local

ഉര്‍ദു മഹത്വവുമായി ഡയറാ സ്ട്രീറ്റിലെ ഉര്‍ദു ജുമാ മസ്ജിദ്



പാലക്കാട്: വെള്ളിയാഴ്ച ജുമുഃഅക്ക് മുന്നോടിയായി പള്ളികളില്‍ ഇമാമുമാര്‍ നടത്തുന്ന പ്രഭാഷണം പ്രസക്തമാണ്. ഗള്‍ഫ് നാടുകളില്‍ പൂര്‍ണമായും  അറബിയിലും രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മലയാളം, തമിഴ്, ഹിന്ദി, ഉര്‍ദു തുടങ്ങി പ്രാദേശിക ഭാഷകളിലും ജുമുഅയോടനുബന്ധിച്ചു പ്രഭാഷണം നടത്താറുണ്ട്. കേരളത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ ഖുതുബ നടത്തുന്ന ധാരാളം പള്ളികളുണ്ട്. ഇതില്‍ അതിര്‍ത്തി ജില്ലയായ പാലക്കാട്ടെ ഹനഫി ജുമാമസ്ജിദുകളില്‍ ഭൂരിഭാഗവും തമിഴിലാണ് ജുമുഅയോടനുബന്ധിച്ച് പ്രഭാഷണം നടത്തുന്നത്. ജില്ലയില്‍ നല്ലൊരു ശതമാനം വരുന്ന റാവുത്തര്‍ വിഭാഗത്തിന്റെ സംസാരഭാഷ തമിഴായതിനാലാണ് തമിഴില്‍ പ്രഭാഷണം നടത്തുന്നത്. എന്നാല്‍ ഉര്‍ദു ഭാഷയില്‍  പ്രഭാഷണം നടത്തുന്ന  നൂറ്റാണ്ടോളം പഴക്കമുള്ള സംസ്ഥാനത്തെ തന്നെ ആദ്യ ഉര്‍ദു പള്ളിയാണ് പാലക്കാട് നഗരത്തിലെ താരേക്കാട് ഡയറാ സ്ട്രീറ്റിലെ ഉര്‍ദു ജുമാ മസ്ജിദ്. ഡയറാ മഹല്ലില്‍ ഉര്‍ദു സംസാരിക്കുന്ന പഠാണി മുസ്‌ലിംകള്‍  ഭൂരിപക്ഷമുള്ളതിനാലാണ്്   ഉര്‍ദുമസ്ജിദില്‍ ഉര്‍ദുവില്‍ പ്രഭാഷണം നടത്തുന്നത്. ജില്ലയുടെയും നഗരത്തിന്റെ മറ്റുഭാഗങ്ങളിലും ഉര്‍ദു ഭാഷ സംസാരിക്കുന്നവര്‍ ഉണ്ടെങ്കിലും സംസ്ഥാനത്തെ ആദ്യ ഉര്‍ദു പള്ളിയെന്ന ഖ്യാതി ഡയറാസ്ട്രീറ്റിലെ മസ്ജിദിനാണ്. ജില്ലയിലെ റാവുത്തര്‍ വിഭാഗത്തില്‍പെട്ടവര്‍ തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിയവരാണെങ്കില്‍ മൈസൂരില്‍ നിന്നെത്തിയവരാണ് പഠാണികളുടെ പൂര്‍വികരെന്നു പറയപ്പെടുന്നു. ഡയറാ മഹല്ലില്‍ 95 ശതമാനവും പഠാണികളാണ്. ദശാബ്ദങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ധാരാളം പള്ളികളില്‍ ഉര്‍ദുവില്‍ ജുമുഅക്ക് പ്രഭാഷണം നടത്തിയിരുന്നു. എന്നാ ല്‍ കാലക്രമേണ ഇത് മലയാളത്തിലേക്കും തമിഴിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടു. എങ്കിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഡയറാ ഉര്‍ദു ജുമാമസ്ജിദു മാത്രം ഉറുദുവില്‍ ഉറച്ചുനിന്നത് മഹല്ലിലെ ഉര്‍ദു സംസാരിക്കുന്നവരുടെ ആധിക്യത്തില്‍ മാറ്റം വരാത്തതിനാലാണ്.  നോമ്പു തുറയ്ക്ക് മറ്റുള്ള പള്ളികളില്‍ തരിക്കഞ്ഞിയും ജീരകക്കഞ്ഞിയുമൊക്കെ നല്‍കുമ്പോള്‍ ഉറുദുപള്ളികളിലെ മസാലക്കഞ്ഞി ശ്രദ്ധേയമാണ്. ബിരിയാണിയുടെ മസാല കൂട്ടുകള്‍ക്കൊപ്പം നെയ്യും ചേര്‍ത്ത കഞ്ഞിയാണ് ഉര്‍ദു പള്ളിയിലെ പ്രത്യേകത. മുഹമ്മദ് തമീസുദ്ദീന്‍-അല്‍ മസാഹിരിയാണ് ഡയറാമസ്ജിദിലെ ഇമാം. റമദാനിലെ വിശുദ്ധ നാളുകളില്‍  ഭാഷാനൈപുണ്യത്തിന്റെ വേറിട്ടൊരനുഭവമാവുകയാണ് ഡയറാ സ്ട്രീറ്റിലെ ഉര്‍ദു മസ്ജിദ്.
Next Story

RELATED STORIES

Share it