ernakulam local

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ വിപ്ലവകരമായ വികസനത്തിന് തുടക്കം കുറിച്ചു: പി പി തങ്കച്ചന്‍

കളമശ്ശേരി: കേരളം രണ്ടു പതിറ്റാണ്ട് കാത്തിരുന്ന വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും നേതൃത്വം നല്‍കിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണിയുടെ സംസ്ഥാനത്തെ ആദ്യ കണ്‍വന്‍ഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ഇബ്രാഹിംകുഞ്ഞിന്റെ കളമശ്ശേരി നിയോജകമണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാര്‍ട് സിറ്റി, മെട്രോ റെയില്‍, കണ്ണൂര്‍ എയര്‍പോര്‍ട്, വിഴിഞ്ഞം പദ്ധതി തുടങ്ങിയവ കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം ഇടതുമുന്നണി നടത്തിയ സമരങ്ങള്‍ ജനകീയ ആവശ്യങ്ങളൊന്നും ഉന്നയിച്ചില്ലെന്നും അതിനാല്‍ അവര്‍ നടത്തിയ സമരങ്ങള്‍ക്കൊന്നും ജനപങ്കാളിത്തം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് കാര്യക്ഷമമാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേ സമരം ചെയ്യുന്ന ഇടതുമുന്നണി ആദ്യം ചെയ്യേണ്ടത് ധര്‍മടത്തുനിന്നും പിണറായിക്കെതിരേയാവണമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ ബാബു പറഞ്ഞു. സംസ്ഥാനത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അച്യുതാനന്ദന്‍ വിഭാഗത്തെ വെട്ടിനിരത്തിയെന്നും ബാബു പറഞ്ഞു. കെപിസിസി സെക്രട്ടറി അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു.
അന്‍വര്‍സാദത്ത്, ജമാല്‍ മണക്കാടന്‍, മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി, കെ കെ ജിന്നാസ്, എം എം ഫ്രാന്‍സിസ്, എം ഒ ജോണ്‍, വി പി ജോര്‍ജ്, പി എം ബീരാക്കുട്ടി, എ കെ ബഷീര്‍, കെ കെ ഇബ്രാഹിം കുട്ടി, ബി ശശിധരന്‍, ജെസ്സി പീറ്റര്‍, എന്‍ പി അബ്ദുല്‍ ഖാദര്‍, പി എ അഹമ്മദ് കബീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it