Flash News

ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസ് : 87 പേര്‍ ഹാജരായി



കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരായ 87 പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായി. എംഎഎല്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള 103 പേര്‍ക്കും കണ്ണൂര്‍ അഡീഷനല്‍ സബ് ജഡ്ജി നോട്ടീസ് അയച്ചിരുന്നു. ഇതില്‍ നേതാക്കളായ പി കെ ശബരീഷ്, അഡ്വ. നിസാര്‍ അഹമ്മദ്, രാജേഷ് പ്രേം, സി വിജയന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ സബ് ജഡ്ജി ബിന്ദു സുധാകരന്‍ മുമ്പാകെ ഇന്നലെ ഹാജരായി. എന്നാല്‍, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, മുന്‍ ധര്‍മടം എംഎല്‍എ കെ കെ നാരായണന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇന്നലെ എത്തിയിരുന്നില്ല. ഇവര്‍ക്ക് കോടതി അവധി അനുവദിച്ചു. കേസ് ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കും. 2013 ഒക്ടോബര്‍ 27നു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പോലിസ് മൈതാനിയില്‍ സംസ്ഥാന പോലിസ് അത്‌ലറ്റിക്‌സ് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘംചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രകടനം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പോലിസ് പരേഡ്ഗ്രൗണ്ടിലെ സമ്മേളനവേദിക്ക് സമീപമുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെ സി ജോസഫ് എംഎല്‍എ, ടി സിദ്ദീഖ് എന്നിവര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ വാഹനവും പോലിസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തകര്‍ത്തതില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. സി കൃഷ്ണന്‍ എംഎല്‍എ, കെ കെ നാരായണന്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവരടക്കം 114 പേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇരില്‍ 103 പേര്‍ അറസ്റ്റിലായി. 11 പേര്‍ പിടിയിലാവാനുണ്ട്. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. എന്നാല്‍, അന്യായമായ സംഘംചേരല്‍ എന്ന വകുപ്പ് മാത്രമാണ് സി കൃഷ്ണനും കെ കെ നാരായണനുമെതിരേ ചുമത്തിയത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ലെന്ന് ഇരുവരും അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, ടി സിദ്ദീഖ്, കെ സി ജോസഫ്, അന്നത്തെ എസ്പി രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ്പി പി സുകുമാരന്‍ ഉള്‍പ്പെടെ 253 സാക്ഷികളാണു കേസിലുള്ളത്.
Next Story

RELATED STORIES

Share it