ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ രതി തെറ്റല്ലെന്ന് സുപ്രീംകോടതി: നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്രം

ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ രതി തെറ്റല്ലെന്ന് സുപ്രീംകോടതി: നിലപാടില്‍ മലക്കം മറിഞ്ഞ് കേന്ദ്രം
X


ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും കോടതി പരാമര്‍ശിച്ചു.

അതേസമയം, സ്വവര്‍ഗരതി കുറ്റകരമായി കണക്കാക്കുന്ന 377ാം വകുപ്പ് ഭേദഗതി ചെയ്യണമോയെന്ന കാര്യത്തില്‍ സുപ്രീം കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.നേരത്തെയുള്ള നിലപാടില്‍ നിന്ന് കേന്ദ്രം മലക്കം മറിഞ്ഞതോടെയാണ് തുഷാര്‍ മേത്ത ഈ പ്രസ്താവന നടത്തിയത്.
'പ്രകൃതിവിരുദ്ധ' ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പു സംബന്ധിച്ച വാദമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേള്‍ക്കുന്നത്. ജഡ്ജിമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡിവൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുളളത്. ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്നതാണ് 377ാം വകുപ്പെന്നും അതു റദ്ദാക്കണമെന്നും നര്‍ത്തകന്‍ എന്‍.എസ്.ജോഹര്‍, പാചകവിദഗ്ധ റിതു ഡാല്‍മിയ, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ തുടങ്ങിയവരുടെ ഹര്‍ജികളാണു കോടതി പരിഗണിക്കുന്നത്.
2009 ലാണ് ഡല്‍ഹി ഹൈക്കോടതി പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി നിയമ വിധേയമാക്കിയത്. 377ാം വകുപ്പു ഭരണഘടനാവിരുദ്ധമെന്നു ഡല്‍ഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിനു വിധിച്ചു. എന്നാല്‍ 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും അതു ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തണമോയെന്നു പാര്‍ലമെന്റിനു തീരുമാനിക്കാമെന്നും 2013 ഡിസംബര്‍ 11നു സുപ്രീം കോടതി വിധിച്ചു. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it