ഉപാധിയോടെ തുറക്കാം

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. പഞ്ചായത്ത് പരിധിയിലുള്ള മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ ഒഴിവാക്കിയ ഉത്തരവില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഷാപ്പുടമകള്‍ അപേക്ഷ നല്‍കിയാല്‍ അക്കാര്യം പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാവുന്നതാണെന്നാണ് കോടതി വ്യക്തമാക്കിയത്.
പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും  മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.
ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂര പരിധിയില്‍ മദ്യവില്‍പന പാടില്ലെന്ന് 2015 ഡിസംബറിലാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധി ചോദ്യം ചെയ്ത് വിവിധ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജൂലൈയില്‍ മുനിസിപ്പാലിറ്റികളെ ഉത്തരവില്‍നിന്ന് ഒഴിവാക്കിയിരുന്നു.
തുടര്‍ന്ന്, പഞ്ചായത്തുകള്‍ക്കും ഇളവ് അനുവദിക്കണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കോടതിയില്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തി പട്ടണങ്ങളുടെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധി ബാധകമല്ലെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു.
ഈ ഉത്തരവില്‍ കള്ള്ഷാപ്പുകളേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഷാപ്പുതൊഴിലാളികള്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ തീര്‍പ്പാക്കിയാണ്.
അതേസമയം, ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 520 കള്ളുഷാപ്പുകളില്‍ ഏതൊക്കെ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക. തരംതാണ പ്രചാരണത്തിനു വേണ്ടിയാണ് മദ്യശാലകള്‍ക്ക് ഇളവ് അനുവദിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയതെന്നാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ വി കെ ബിജു ഇന്നലെ കോടതിയില്‍ ആരോപിച്ചത്.  പബ്ലിസിറ്റിയാണ് ആവശ്യമെങ്കില്‍ പാവങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കണം. അല്ലാതെ സുപ്രിംകോടതിയെ തെറ്റി ധരിപ്പിച്ച് കോടതിയുടെ സമയം കളയുക അല്ല വേണ്ടതതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it