Pathanamthitta local

ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഒഴിപ്പിക്കല്‍; പഴകുളത്ത് ഇന്നു ഹര്‍ത്താല്‍

അടൂര്‍: കെപി റോഡില്‍ പഴകുളത്ത് റോഡ് കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറി. സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷാജി അയത്തികോണിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. ഉപജീവനത്തിനു മാര്‍ഗമില്ലാതാക്കിയെന്നാരോപിച്ച് സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ കടയ്ക്കുള്ളില്‍ കയറിയിരുന്ന വ്യാപാരികള്‍ അടക്കം രംഗത്തെത്തി. തുടര്‍ന്ന് ഷാജി അയത്തികോണില്‍, സഹോദരന്‍ ഷജീര്‍, പിതാവ് സലിം, പള്ളി വടക്കേതില്‍ സിദ്ദിഖ്, ,ഷാജു തടവിള, നവാസ് അയത്തികോണില്‍ എന്നിവരെ പോലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
ജനകീയ വിഷയത്തിലിടപെട്ട ഗ്രാമപഞ്ചായത്തംഗത്തെ കസ്റ്റഡിയിലെടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പഴകുളത്ത് ഇന്ന് ഹര്‍ത്താലിന് എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാവിലെ പത്തോടെയാണ് പിഡബ്ല്യുഡി, റവന്യു,പോലിസ്  ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്്ത സംഘം കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെന്ന പേരില്‍ പഴകുളത്തെത്തിയത്. മുസ്്‌ലീം പള്ളിയ്ക്ക് സമീപമുള്ള റോഡിന്റെ വശം മാത്രം ഒഴിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് പ്രതിഷേധങ്ങള്‍ വിളിച്ചു വരുത്തിയത്. ഉദ്യോഗസ്ഥര്‍ ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ പക്ഷാപാതം കാട്ടിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം സ്ത്രീകള്‍ അടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചു. ഇത് കെപി റോഡില്‍ ഗതാഗതകുരുക്കിനും ഇടയാക്കി. ആയത്തി കോണില്‍ ജലാലിന്റെയും റെജിനയുടെയും പച്ചക്കറിക്കട, പടുത്തന്‍ പറമ്പില്‍ ഷെരീഫിന്റെ പഴക്കട, തടത്തി വിളയില്‍ നൗഷാദിന്റെ പെട്ടിക്കട, മുന്‍ ഗ്രാമപഞ്ചായത്തംഗം അയത്തിക്കോണില്‍ അസീസ് ഉള്‍പ്പടെയുള്ളവരുടെ അഞ്ച് കടകളാണ് നീക്കം ചെയ്തത്.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത ശേഷം കടകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും പൊളിച്ചു നീക്കി. തുടര്‍ന്ന് പ്രദേശത്തെ കാത്തിരിപ്പ് കേന്ദ്രം പൊളിക്കാനുള്ള നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ പോലിസ് വലയം തീര്‍ത്ത് പ്രതിഷേധക്കാരെ ഒഴിവാക്കി കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചു നീക്കി. മസ്്ജിദ് ജങ്ഷന്‍ മുതല്‍ പഴകുളം ജങ്ഷന്‍വരെ വ്യാപക റോഡ് കൈയ്യേറ്റം ഉണ്ടെന്നാണ് താലൂക്ക് സര്‍വേ വിഭാഗം പൊതുമരാമത്ത് വിഭാഗത്തിനു നല്‍കിയ റിപോര്‍ട്ടിലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇത് ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കാനോ അളന്നു തിട്ടപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഭരണകക്ഷിയില്‍പ്പെട്ടവരുടെ നിര്‍ദ്ദേശാനുസരണം ചിലരുടെ മാത്രം കടകള്‍ പൊളിച്ചു നീക്കിയത് രാഷ്ട്രിയ പ്രേരിതമാണെന്നു കച്ചവടക്കാര്‍ ആരോപിക്കുന്നു. രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിപ്പിച്ചത്. റോഡിനോട് ചേര്‍ന്ന കൃഷിയും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
പൊതു മരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍  ഇ റസിന, എഇമാരായ മുരുകേഷ്, അടൂര്‍ തഹസീല്‍ദാര്‍  അലക്‌സ് പി തോമസ്, ആര്‍ആര്‍ തഹസീല്‍ദാര്‍ സതിയമ്മ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. ഡിവൈഎസ്പി ആര്‍ ജോസ്, എസ്‌ഐ ജോഷി നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it